ഭോപ്പാൽ: വിവാഹേതരബന്ധം ആരോപിച്ച് മധ്യപ്രദേശിലെ ദെവാസിൽ 30കാരിക്ക് ആൾക്കൂട്ട മർദനം. അർധനഗ്നയാക്കി മർദിക്കുകയും ഭർത്താവിനെ ഇവരുടെ ചുമലിലിരുത്തി നടത്തുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ് 12 പ്രതികളെ പിടികൂടി.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ആദിവാസി വിഭാഗക്കാരിയായ യുവതിയെ ഒരുകൂട്ടം പുരുഷന്മാർ ചേർന്ന് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ. ബെൽറ്റ് ഉപയോഗിച്ചും മർദിക്കുന്നുണ്ട്. പിന്നീട് ഇവരെ ചെരിപ്പുമാല അണിയിച്ച് നടത്തി. ഇവരുടെ ഭർത്താവും മർദിക്കുന്നവരോടൊപ്പമുണ്ട്. പിന്നീട് ഭർത്താവിനെ ചുമലിലേറ്റി യുവതിയെ നടത്തുന്നുമുണ്ട്.
നാട്ടുകാരുടെ മുന്നിൽവെച്ചാണ് മർദനമെങ്കിലും ആളുകൾ മർദനം തടയാൻ ശ്രമിക്കുന്നില്ല. പ്രായമായ ഒരു സ്ത്രീയും പുരുഷനും മർദനം തടയാൻ ശ്രമിച്ചെങ്കിലും ഇവർക്ക് സാധിക്കുന്നില്ല. യുവതിയുടെ രണ്ട് പെൺകുട്ടികളും മകനും നോക്കിനിൽക്കെയായിരുന്നു മർദനം.
ദെവാസ് ജില്ലയിലെ ബൊർപദാവിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. യുവതി കാമുകനോടൊപ്പം ഇറങ്ങിപ്പോയെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അടുത്ത ദിവസം യുവതിയെ അതേ ഗ്രാമത്തിലെ 26കാരന്‍റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു മർദനം.
യുവതിക്കൊപ്പമുണ്ടായിരുന്ന 26കാരനും മർദനമേറ്റു. പൊലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ 12 പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.