ചെന്നൈ: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) എതിരെ സർക്കാർ ബിൽ പാസാക്കിയ ദിവസം തന്നെ തമിഴ്നാട്ടിൽ പരീക്ഷപേടിയിൽ വിദ്യാർഥിനി ജീവനൊടുക്കി.
കനിമൊഴി ഞായറാഴ്ച പരീക്ഷ എഴുതിയിരുന്നെങ്കിലും തന്‍റെ പ്രകടനത്തിൽ അത്ര ആത്മവിശ്വാസം പോരായിരുന്നു. 12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും ഡോക്ടറാകാൻ സാധിച്ചേക്കില്ലെന്ന് പേടിച്ച് പെൺകുട്ടി വിഷാദത്തിലായിരുന്നുവെന്നും ബന്ധു പറഞ്ഞു.
ഉറങ്ങാനായി മുറിയിലേക്ക് പോയ കനിമൊഴിയെ രാവിലെയാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന കനിമൊഴി പക്ഷേ നീറ്റ് പരീക്ഷയെ ഭയന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരായ ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചത് അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ചു. ഇതോടെ രാജ്യത്ത് നീറ്റ് പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്ഥാനമായി തമിഴ്നാട്.
പ്ലസ്ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സിന് പ്രവേശനം ലഭ്യമാക്കണമെന്നാണ് ബില്ലിലെ ആവശ്യം. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും അവസരം നൽകി വിദ്യാർഥി സമൂഹങ്ങളെ വിവേചനങ്ങളിൽനിന്ന് സംരക്ഷിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടി മെഡിക്കൽ, ഡെന്‍റൽ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം.
ദിവസങ്ങൾക്ക് മുമ്പ് നീറ്റ് പരീക്ഷ പേടിയെ തുടർന്ന് ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. ഇതാണ് ബിൽ വേഗത്തിലാക്കാൻ തമിഴ്നാടിനെ പ്രേരിപ്പിച്ചത്. അധികാരത്തിലെത്തിയാൽ നീറ്റ് ഒഴിവാക്കുമെന്ന് ഡി.എം.കെ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു.
സേലം മേട്ടൂർ സ്വദേശി ധനുഷ് എന്ന 18കാരനെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ധനുഷ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇത്തവണയും ജയിക്കാൻ കഴിയുമോ എന്ന പേടിയാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും കുടുംബം പറഞ്ഞു. 2018ൽ അനിത എന്ന വിദ്യാർഥിനിയുടെ ആത്മഹത്യയും നീറ്റ് പരീക്ഷക്കെതിരായ വൻ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിദ്യാർഥിയുടെ ആത്മഹത്യയോടെ ഈ രീതി അവസാനിപ്പിക്കണമെന്നും രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്തെത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.