'ദേശസ്നേഹത്തിന് എന്ത് ബഹുമാനമാണ് നൽകുന്നത്'; ഖാർഗോനിലെ സർക്കാർ ഇടിച്ചുനിരത്തലിനെതിരെ സൽമാൻ ഖുർഷിദ്

മധ്യപ്രദേശിലെ ഖാർഗോനിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ വർഗീയ സംഘർഷത്തിനു പിന്നാലെ മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും സർക്കാർ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാർ ഖുർഷിദ്. നിയമത്തെ സംസ്ഥാന ഭരണകൂടം തന്നെ മറികടക്കുമ്പോൾ ദേശസ്നേഹത്തിന് എന്ത് ബഹുമാനമാണ് നൽകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തങ്ങളുടെ കുട്ടികൾ കഴമ്പില്ലാത്ത വിദ്വേഷത്തിന്‍റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ മുസ്ലിംകൾ വേദനിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവരാണ് മുസ്ലിംകൾ. അവരുടെ മക്കൾ ഒരു കഴമ്പുമില്ലാത്ത വിദ്വേഷത്തിന്‍റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ അവർക്ക് വേദനിക്കുന്നു. സംസ്ഥാന ഭരണകൂടം നിയമത്തെ മറികടന്ന് അവരുടെ വീടുകളും സ്ഥാപനങ്ങളും തകർക്കുമ്പോൾ ദേശസ്നേഹത്തിന് എന്ത് ബഹുമാനമാണ് നൽകുന്നത്' -മുൻ കേന്ദ്ര മന്ത്രി കൂടിയായ ഖുർഷിദ് ചോദിക്കുന്നു.

രാമനവമി ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞെന്നും ആക്രമങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് മുസ്ലിംകളുടെ വീടുകൾ ശിവരാജ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. നാലുദിവസം കൊണ്ട് 52 വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് ഇത്തരത്തിൽ തകർത്തത്.

വർഗീസ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 42 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 35 കേസുകളും മുസ്ലിംകൾക്കെതിരെയാണ്. അറസ്റ്റിലായ 144 പേരിൽ ഭൂരിഭാഗവും മുസ്ലിംകളാണ്. കഴിഞ്ഞദിവസം സർക്കാർ നടപടിയെ ന്യായീകരിച്ച് ചൗഹാൻ രംഗത്തുവന്നിരുന്നു.

Tags:    
News Summary - On MP's action in Khargone, Khurshid asks 'what respect is left for patriotism?'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.