ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രചാരണം നയിക്കുകയും തൃണമൂലിനെ പുറത്താക്കാൻ പരമാവധി ശ്രമം നടത്തുകയും ചെയ്ത നേതാവ് മുകുൾ റോയ് അവസരം തേടി പഴയ തട്ടകത്തിലേക്ക് മടങ്ങുന്നു? കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി യോഗത്തിൽനിന്ന് വിട്ടുനിന്നതോടെയാണ് മാധ്യമങ്ങൾ സൂചനയുമായി രംഗത്തെത്തിയത്.
പലരും പാർട്ടി നേതാവ് അഭിഷേക് ബാനർജിയുമായി സംസാരിക്കുന്നുണ്ടെന്നും എന്നാൽ, തൃണമൂൽ പ്രതിസന്ധിയിലായ സമയത്ത് വിട്ടുനിന്നവരാണ് ഇവരെന്നും സൗഗത റോയ് എം.പി പറഞ്ഞു. നേരത്തെ പാർട്ടിവിട്ടുപോയവരിൽ മിതവാദികളും തീവ്രവാദികളുമെന്ന് രണ്ടു വിഭാഗങ്ങളായി കാണണമെന്നും അന്തിമ തീരുമാനം മമത സ്വീകരിക്കട്ടെയെന്നുമാണ് ഇവരുടെ നിലപാട്. സുവേന്ദു അധികാരി മമത ബാനർജിയെ തെറി വിളിച്ചപ്പോൾ മുകുൾ റോയ് ഒരിക്കലും അത് ചെയ്തില്ലെന്നും റോയ് പറയുന്നു.
മമതയുടെ വിശ്വസ്തരിൽ ഒരാളായിരുന്ന മുകുൾ റോയ് 2017ലാണ് പാർട്ടി വിട്ട് ബി.ജെ.പിയുടെ ഭാഗമായത്. അദ്ദേഹത്തെ വിശ്വസിച്ചാണ് നിരവധി പേർ തെരഞ്ഞെടുപ്പിന് മുമ്പ് മമതയെ വിട്ട് ബി.ജെ.പി ടിക്കറ്റിൽ അങ്കത്തിനിറങ്ങിയത്.
അന്ന് തൃണമൂലിൽനിന്ന് രാജിനൽകിയ 35 പേരെങ്കിലും ഇതിനകം തിരിച്ചുവരാൻ താൽപര്യമറിയിച്ചതായാണ് റിപ്പോർട്ട്. അടുത്തിടെ മുകുൾ റോയിയുടെ ഭാര്യ ആശുപത്രിയിലായപ്പോൾ തൃണമൂൽ നേതാവും മമതയുടെ ബന്ധുവുമായ അഭിഷേക് ബാനർജി ചെന്നുകണ്ടിരുന്നു. അതിനു ശേഷമാണ് തിരിച്ചുവരാനുള്ള മോഹം പങ്കുവെച്ചതെന്നാണ് സൂചന.
ചോർച്ചയുടെ സൂചന ശക്തമായതോടെ ബംഗാൾ ബി.ജെ.പി നേതൃത്വത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ സുവേന്ദു അധികാരി ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽനിന്നാണ് മുകുൾ റോയ് വിട്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.