കർണാടകയിൽ മുസ്ലിം ഉപമുഖ്യമന്ത്രി വേണമെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ; സ്വരം ബി.ജെ.പിയുടെതെന്ന് കോൺഗ്രസ്

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ തുടരുന്നതിനിടെ സംസ്ഥാനത്തിന് മുസ്ലീം ഉപമുഖ്യമന്ത്രിയെ വേണമെന്ന ആവശ്യവുമായി കർണാടക വഖ്ഫ് ബോർഡ് മേധാവി ഷാഫി സഅദി. അഞ്ച് മുസ്ലിം എം.എൽ.എമാരെ മന്ത്രിമാരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖ്ഫ് ബോർഡ് മേധാവിയുടെ ആവശ്യം ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകൾ തങ്ങൾക്ക് തരണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങൾ ആവശ്യപ്പെട്ടിരുന്നു. 15 ലഭിച്ചു, ഒമ്പത് മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. 72 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് മുസ്ലിം വോട്ട് കാരണമാണ്. ഒരു സമുദായമെന്ന നിലയിൽ തങ്ങൾ കോൺഗ്രസിന് ഒരുപാട് നൽകിയിട്ടുണ്ട്. ഇപ്പോൾ നമുക്ക് പകരം എന്തെങ്കിലും ലഭിക്കാനുള്ള സമയമാണ്. ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ നല്ല വകുപ്പുകളുള്ള അഞ്ച് മന്ത്രിമാരുമാണ് തങ്ങൾക്ക് വേണ്ടത്. ഇത് നൽകൽ കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി സഅദി പറഞ്ഞു.

അതേസമയം ബി.ജെ.പിയിൽ നിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനം തകർപ്പൻ വിജയത്തിലൂടെ പിടിച്ചെടുത്ത കോൺഗ്രസിനെ കടന്നാക്രമിക്കുന്നത് ഷാഫി സഅദിക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. താങ്കങ്ങളുടെ ആവശ്യം വ്യാജമാണെന്നും ബി.ജെ.പിക്ക് വേണ്ടിയാണ് താങ്കൾ സംസാരിക്കുന്നതെന്ന് അറിയാണെന്നും കോൺഗ്രസ് തിരിച്ചടിച്ചു.

എന്നാൽ കോൺഗ്രസിന്‍റെ പ്രീണന നയങ്ങൾ തിരിച്ചടിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

ബി.ജെ.പി അധികാരത്തിലിരിക്കെയാണ് ഷാഫി സഅദിയെ കർണാടക വഖ്ഫ് ബോർഡ് മേധാവിയായി നിയമിച്ചത്. പല വിഷയങ്ങളിലും സമുദായ താൽപ്പര്യം പരിഗണിക്കാതെ ബി.ജെ.പിക്ക് വേണ്ടി സംസാരിക്കുന്നയാളാണ് ഷാഫി സഅദി എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. 

Tags:    
News Summary - On Muslim deputy CM demand in Karnataka, Congress's ‘backed by BJP’ counter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.