ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വസ്തുത നിഷേധിക്കാനാവില്ലെന്നും പരീക്ഷയിൽ വീഴ്ചയുണ്ടായെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. ചോർച്ചയുടെ വ്യാപ്തിയും അന്വേഷണത്തിന്റെ തൽസ്ഥിതിയും ബുധനാഴ്ച അറിയിക്കാൻ കേന്ദ്ര സർക്കാറിനും ദേശീയ പരീക്ഷാ ഏജൻസിക്കും (എൻ.ടി.എ) സി.ബി.ഐക്കും നിർദേശം നൽകിയ ബെഞ്ച് ഹരജികൾ വീണ്ടും വാദം കേൾക്കാൻ വ്യാഴാഴ്ചത്തേക്ക് മാറ്റി. ചോർച്ച വിപുലമായ തോതിലാണെങ്കിൽ പുനഃപരീക്ഷ വേണ്ടിവരുമെന്നും പരിമിതമാണെങ്കിൽ നടത്തേണ്ടതില്ലെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. പരീക്ഷയുടെ കൗൺസലിങ്ങുമായി മുന്നോട്ടുപോകുന്ന കാര്യവും സുപ്രീംകോടതി വ്യാഴാഴ്ച തീർപ്പാക്കും.
നീറ്റിന്റെ വിശുദ്ധി ഉറപ്പുവരുത്താനും ഭാവിയിൽ ചോർച്ച ആവർത്തിക്കാതിരിക്കാനും സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം. നിലവിൽ കേന്ദ്ര സർക്കാർ ഇതിനായി നിയോഗിച്ച സമിതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും സുപ്രീംകോടതി പരിശോധിക്കും. ഇതിനായി സമിതിയുടെ വിശദാംശങ്ങൾ അറിയിക്കണം. ചോർച്ചയുടെ വ്യാപ്തി കണ്ടെത്തുന്നതിനുമുമ്പ് കൗൺസലിങ് ആരംഭിക്കേണ്ടതുണ്ടോ എന്ന് വ്യാഴാഴ്ച പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചോർച്ച ഏതാനും മേഖലകളിലും കേന്ദ്രങ്ങളിലും പരിമിതമാണെങ്കിൽ തട്ടിപ്പിന്റെ ഗുണഭോക്താക്കളും പരിമിതമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ പരീക്ഷയെഴുതിയ 24 ലക്ഷം കുട്ടികളുടെ അധ്വാനവും പഠനത്തിനുള്ള പണച്ചെലവും കോടതിക്ക് പരിഗണിക്കേണ്ടിവരുമെന്നും പുനഃപരീക്ഷ വേണ്ടെന്ന് വെക്കേണ്ടിയുംവരും.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സി.ബി.ഐ കോടതിക്ക് മുമ്പാകെ വെക്കണം. ചോർച്ച എപ്പോഴാണ് സംഭവിച്ചതെന്നും ചോർന്നത് എങ്ങനെയാണെന്നും വ്യാപ്തി എത്രത്തോളമാണെന്നുമുള്ള വിവരങ്ങൾ സി.ബി.ഐ, കോടതിയെ അറിയിക്കണം. ഡേറ്റ അനലിറ്റിക്സ്, സൈബർ ഫോറൻസിക് തുടങ്ങിയവ ഉപയോഗിച്ച്, ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളായവരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻ കഴിയുമോ എന്ന് കേന്ദ്ര സർക്കാറും എൻ.ടി.എയും അറിയിക്കണം.
വിഷയത്തിൽ കേന്ദ്ര സർക്കാറും എൻ.ടി.എയും സി.ബി.ഐയും വ്യക്തത വരുത്തുന്നതിനാണ് വ്യാഴാഴ്ചത്തേക്ക് ഹരജികൾ മാറ്റിവെക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കകം എൻ.ടി.എ സുപ്രീംകോടതിക്കുമുമ്പാകെ മൂന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകണം. വിദ്യാർഥികളിൽ ആത്മ വിശ്വാസമുണ്ടാക്കാനാണ് കോടതി നടപടികളെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.