ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോയെന്നും 2024ലെ ദേശീയ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പങ്ക് എന്തായിരിക്കുമെന്നുൾപ്പടെയുള്ള കാര്യങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ കിഷോർ കൂടിക്കാഴ്ച നടത്തിയിരുന്നു. കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടികാഴ്ച നടത്തുന്നത്.
സോണിയാ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും 2024 ലെ പൊതുതെരഞ്ഞെടുപ്പിനുമുള്ള പാർട്ടിയുടെ തന്ത്രങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. യോഗത്തിൽ പ്രിയങ്ക ഗാന്ധി, മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല, കെ.സി വേണുഗോപാൽ, അംബികാ സോണി എന്നിവരും പങ്കെടുത്തു.
അന്തിമ തീരുമാനമെടുക്കുന്നത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആയിരിക്കും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് അദ്ദേഹത്തിന്റെ കൃത്യമായ പങ്കിനെ കുറിച്ചും പാർട്ടിയിൽ ചേരുമോ അല്ലെങ്കിൽ പിന്തുണക്കുമോ എന്നതിനെ കുറിച്ചും അന്തിമ തീരുമാനമെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് കിഷോർ വിശദമായ അവതരണം നടത്തിയെന്ന് കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ 370 ലോക്‌സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കിഷോർ യോഗത്തിൽ പറഞ്ഞു.
ഒരാഴ്ച്ക്കുള്ളിൽ കോൺഗ്രസിൽ അദ്ദേഹത്തിന്‍റെ പങ്കെന്താണണെന്ന് മനസിലാകുമെന്നും നേതാക്കൾ അറിയിച്ചു. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റക്ക് പോരാടണമെന്നും രാഹുൽ ഗാന്ധി സമ്മതിച്ചാൽ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.