വോട്ടർമാർക്ക് ഓരോ കിലോ ആട്ടിറച്ചി നൽകിയിട്ടും എന്നെ തോൽപിച്ചു -നിതിൻ ഗഡ്കരി

നാഗ്പൂർ: തെരഞ്ഞെടുപ്പിന് മുമ്പ് വോ​ട്ടർമാരെ സ്വാധീനിക്കാൻ ഒരുതവണ താൻ എല്ലാവർക്കും ഒരോ കിലോ ആട്ടിറച്ചി നൽകിയിരുന്നതായി തുറന്നുപറഞ്ഞ് കേന്ദ്ര റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുൻ ദേശീയ പ്രസിഡന്റുമായ നിതിൻ ഗഡ്കരി. എന്നിട്ടും വോട്ടർമാർ തന്നെ തോൽപിച്ചതായി അ​ദ്ദേഹം പറഞ്ഞു. ഞായറാഴ്ച നാഗ്പൂരിൽ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്‌സ് കൗൺസിൽ (എം.എസ്‌.ടി.സി) ചടങ്ങിൽ സംസാരിക്കവേയാണ് ‘വോട്ടിന് മട്ടൻ’ കൈക്കൂലി നൽകിയത് പരസ്യമായി പറഞ്ഞത്.

ഹോർഡിങ്ങുകൾ സ്ഥാപിച്ചിട്ടോ ആട്ടിറച്ചി പാർട്ടി നടത്തിയിട്ടോ കാര്യമില്ലെന്നും ജനങ്ങൾക്കിടയിൽ വിശ്വാസവും സ്നേഹവും വളർത്തിയെടുത്താലാണ് തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഒരു കിലോ ആട്ടിറച്ചി വോട്ടർമാർക്കിടയിൽ വിതരണം ചെയ്തിട്ടും താൻ ഒരു തെരഞ്ഞെടുപ്പിൽ തോറ്റതെങ്ങനെയെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാർ വളരെ മിടുക്കരാണെന്നും എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാൽ അവർക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട് ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

‘പോസ്റ്ററുകൾ ഒട്ടിച്ചും പാരിതോഷികം നൽകിയും ആളുകൾ പലപ്പോഴും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നു. എന്നാൽ, ഞാൻ അത്തരം തന്ത്രങ്ങളിൽ വിശ്വസിക്കുന്നില്ല. ഞാൻ ഒരിക്കൽ ഒരു പരീക്ഷണം നടത്തി, എല്ലാ വോട്ടർമാർക്കും ഒരോ കിലോ ആട്ടിറച്ചി നൽകി. പക്ഷേ ആ തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റു, വോട്ടർമാർ വളരെ മിടുക്കരാണ്’ -നിതിൻ ഗഡ്കരി പറഞ്ഞു. രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ പ്രലോഭിപ്പിക്കുന്നതിന് പകരം ജനഹൃദയത്തിൽ വിശ്വാസവും സ്നേഹവും സൃഷ്ടിച്ചാൽ ബാനറുകൾക്കും പോസ്റ്ററുകൾക്കും പണം ചെലവഴിക്കാതെ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘എംപിമാർ, എം‌എൽ‌എമാർ, എം‌എൽ‌സികൾ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ ആവശ്യപ്പെട്ട് ആളുകൾ പലപ്പോഴും തന്നെ സമീപിക്കാറുണ്ട്. ഇതല്ലെങ്കിൽ, മെഡിക്കൽ കോളജുകളോ എഞ്ചിനീയറിങ് കോളജുകളോ ബി.എഡ് കോളജുകളോ പ്രൈമറി സ്കൂളുകളോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ചിലർ സമീപിക്കുന്നു. അധ്യാപകരു​ടെ ശമ്പളത്തിന്റെ പകുതി ലഭിക്കാനാണിത്. ഇത്തരം ആവശ്യങ്ങളുമായി നടന്നാൽ നമുക്ക് രാജ്യത്ത് നല്ല മാറ്റം കൊണ്ടുവരാൻ കഴിയില്ല’ -ഗഡ്കരി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Once distributed mutton to voters but...': Nitin Gadkari shares poll campaign anecdote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.