പിന്നാക്കക്കാർ തങ്ങളുടെ യഥാർഥ ജനസംഖ്യ തിരിച്ചറിഞ്ഞാൽ രാജ്യത്ത് എന്നെന്നേക്കുമായി മാറ്റം സംഭവിക്കും -രാഹുൽ ഗാന്ധി

റായ്പൂർ: ഒ.ബി.സിക്കാരും ദലിതുകളും പട്ടിക വർഗക്കാരുമൊക്കെ തങ്ങളുടെ യഥാർഥ ജനസംഖ്യയും യഥാർഥ ശക്തിയും തിരിച്ചറിയുന്ന ദിവസം, രാജ്യത്ത് എന്നെന്നേക്കുമായി മാറ്റം സംഭവിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിന്നാക്ക വിഭാഗക്കാർക്ക് അവരുടെ അവകാശങ്ങൾ നൽകാനുള്ള ആവശ്യമുയരുമ്പോൾ ഭരിക്കുന്നവർ പറയുന്നത് പിന്നാക്ക വിഭാഗക്കാർ ഇല്ലെന്നാണ്. പിന്നാക്ക വിഭാഗക്കാർ ഒരുപാടുണ്ടിവിടെ. അവർ എത്രയുണ്ടെന്ന് തങ്ങൾ കൃത്യമായി കണ്ടെത്തുമെന്നും രാഹുൽ പറഞ്ഞു. ഛത്തിസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ബെമെതാര ജില്ലയിലെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.

കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ പറഞ്ഞു. ‘എത്ര പിന്നാക്കക്കാരുണ്ടെന്ന് ഞങ്ങൾ കണ്ടെത്തും. അത് 10ഓ 20ഓ 60ഓ ശതമാനമായാലും ജനസംഖ്യക്കനുസരിച്ച് നിങ്ങൾക്ക് പങ്കാളിത്തം ലഭിക്കും. നരേന്ദ്ര മോദി ചെയ്താലും ഇല്ലെങ്കിലും, ഞങ്ങളുടെ സർക്കാർ ഛത്തീസ്ഗഡിൽ അധികാരത്തിൽ വന്നാൽ ജാതി സർവേ നടത്തും. ഡൽഹിയിൽ ഞങ്ങളുടെ സർക്കാർ വന്നാൽ, ആദ്യം ഒപ്പിടുന്നത് ജാതി സെൻസസ് നടത്താനായിരിക്കും. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വിപ്ലവകരമായ തീരുമാനമായിരിക്കും അത്’ -ആയിരങ്ങൾ പ​ങ്കെടുത്ത റാലിയിൽ നിറഞ്ഞ കരഘോഷങ്ങൾക്കിടെ രാഹുൽ പ്രഖ്യാപിച്ചു.

നരേന്ദ്ര മോദി പോകുന്നിടത്തൊ​ക്കെ എന്നെ കുറ്റം പറയുകയാണ്. ഞാനത് മൈൻഡ് ചെയ്യുന്നില്ല. എന്റെ ലക്ഷ്യം മോദി എത്ര പണം അദാനിക്ക് നൽകുന്നോ, അത്രയും തുക കർഷകരും തൊഴിലാളികളും അടക്കമുള്ള പാവങ്ങൾക്ക് നൽകുകയാണ്. കേന്ദ്രസർക്കാർ കടങ്ങൾ എഴുതിത്തള്ളുന്നുണ്ടെങ്കിൽ ചെയ്യേണ്ടത് കർഷകരുടെ കടം എഴുതിത്തള്ളുകയാണ്. അല്ലാതെ ശതകോടീശ്വരന്മാരുടെയല്ല. കർണാടക, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹിമാചൽ ​പ്രദേശ്..കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഞാൻ പറഞ്ഞിരിക്കുന്നത് ശതകോടീശ്വരന്മാരുടെയും അദാനിയെ പോലുള്ള കരാറുകാരുടെയും അക്കൗണ്ടിൽ ബി.ജെ.പി നൽകുന്ന അത്രയും തുക കർഷകരുടെയും ​തൊഴിലാളികളുടെയും അമ്മമാരുടെയും സഹോദരിമാരുടെയുമൊക്കെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാനാണ്.

സംസ്ഥാനത്ത് പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പഠനം സൗജന്യമാക്കും. ഛത്തിസ്ഗഡിലെ സ്ത്രീകൾക്ക് വർഷംതോറും 15000 രൂപ അവരുടെ അക്കൗണ്ടിൽ നൽകുമെന്നും രാഹുൽ പറഞ്ഞു. 

Tags:    
News Summary - Once OBCs, Dalits and tribals learn about their actual population, country will change: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.