ബംഗളൂരു: കുട്ടികളെ കടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായ സ്ത്രീയെ പൊലീസ് പിടികൂടി. കുരുബാറഹള്ളി സ്വദേശിനിയായ എം.ഭാനുമതി(41)യാണ് പൊലീസിന്‍റെ വലയിലായത്. ഇവർ ആറു മാസക്കാലമായി ഒളിവിൽ കഴിയുകയായിരുന്നു.
രണ്ട് സ്ത്രീകളുൾപ്പെടെ കേസിൽ പ്രതികളായ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 12 കുട്ടികളെയാണ് സംഘത്തിന്‍റെ കൈവശത്തുനിന്നും പൊലീസ് രക്ഷപ്പെടുത്തിയത്. നഗരത്തിലെ ദമ്പതികൾക്ക് മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ രൂപക്കാണ് പ്രതികൾ കുട്ടികളെ വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളില്ലാത്ത ദമ്പതികളെ കുറിച്ച് ആശുപത്രികളിൽ നിന്നും വിവരം ശേഖരിച്ച ശേഷം ദമ്പതികളിൽ സ്വാധീനം ചെലുത്തിയാണ് സംഘം കുട്ടികളെ വിൽപന നടത്തുക. അനൗദ്യോഗിക ദത്തെടുക്കലാണെന്നും നിയമപരമായി തെറ്റില്ലെന്നും സംഘം ആവശ്യക്കാരെ ബോധിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസവും സമാന രീതിയിൽ ശിശു വിൽപന നടത്തിയതിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.