ബാബ സിദ്ദിഖി വധം: ഒരു പ്രതിയെ കസ്റ്റഡിയിൽവിട്ടു; മറ്റൊരു പ്രതിയുടെ പ്രായപരിശോധന നടത്തും

മുംബൈ: മഹാരാഷ്ട്രയിലെ ബാബ സിദ്ദിഖി കൊലപാതക കേസ് പ്രതിയെ കസ്റ്റഡിയിൽവിട്ടു. ഗുർമയ്‍ൽ ബാൽജിത് സിങ്ങിനെയാണ് ഒക്ടോബർ 21 വരെ മുംബൈ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ കോടതി വിട്ടത്.

കേസിലെ പ്രതികളായ ഗുർമയ്‍ൽ ബാൽജിത് സിങ്ങിനെയും ധർമരാജ് സിങ് കശ്യപിനെയുമാണ് ഇന്ന് മുംബൈ കോടതിയിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയത്. ധർമരാജ് സിങ് കശ്യപിന്‍റെ പ്രായം നിർണയിക്കാനുള്ള ഓസിഫിക്കേഷൻ ടെസ്റ്റിന് ശേഷം ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

14 ദിവസം കസ്റ്റഡി അനുവദിക്കണമെന്നാണ് മുംബൈ പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഏഴ് ദിവസം കോടതി അനുവദിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഒരു വ്യക്തിയുടെ അസ്ഥികളുടെ സംയോജനത്തിന്‍റെ അളവ് വിശകലനം ചെയ്തു കൊണ്ട് പ്രായം കണക്കാക്കുന്ന മെഡിക്കൽ പരിശോധനയാണ് ഓസിഫിക്കേഷൻ ടെസ്റ്റ്. പ്രായം നിർണയിക്കാൻ സാധാരണയായി നടത്തുന്ന ടെസ്റ്റ് ആണിത്.

മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ 66കാരൻ ബാബ സിദ്ദിഖിയെ ഇന്നലെ രാത്രിയാണ് ആയുധധാരികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ചാണ് വെടിയേറ്റത്. കേസിൽ മൂന്നു പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ രണ്ടു പേരെ പിടികൂടി.

ഹരിയാനയിൽ നിന്നുള്ള ഗുർമയ്‍ൽ ബാൽജിത് സിങ് (23), യു.പി സ്വദേശിയായ ധർമരാജ് സിങ് കശ്യപ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.പിയിൽ നിന്നുള്ള ശിവകുമാർ ഗൗതമാണ് മൂന്നാമത്തെയാൾ.

ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം അധോലോക സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പൊലീസ്.

Tags:    
News Summary - One accused in Baba Siddique firing case sent to custody till October 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.