രാംനാഥ് കോവിന്ദ് റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറുന്നു


‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദി​ന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സമർപ്പിച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സമിതിയുടെ റിപ്പോർട്ടിന് വ്യാപകമായ പിന്തുണ ലഭിച്ചതായും കേന്ദ്രമന്ത്രിസഭ ഐകകണ്‌ഠ്യേന അതി​ന്‍റെ നിർദേശം അംഗീകരിച്ചതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പാർലമെന്‍റി​ന്‍റെ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2029ലെ മുഴുവന്‍ തെരഞ്ഞെടുപ്പുകളും ഇതുപ്രകാരം ഒരുമിച്ചാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തി​ന്‍റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ നീക്കം. നിയമ മന്ത്രാലയത്തി​ന്‍റെ 100 ദിവസത്തെ അജണ്ടയുടെ ഭാഗമാണ് മന്ത്രിസഭയുടെ മുമ്പാകെ റിപ്പോർട്ട് വെക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മാർച്ചിൽ സമിതി റിപ്പോർട്ട് സമർപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി. പദ്ധതിയെ കുറിച്ച് പഠിക്കാനായി സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതി​ന്‍റെ ആദ്യഘട്ടമായി രാജ്യത്താകെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താമെന്ന ശുപാര്‍ശയും സമിതി മുന്നോട്ട് വെച്ചിരുന്നു.

അവിശ്വാസ പ്രമേയങ്ങള്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏകീകൃത കമീഷന്‍ രൂപീകരിക്കുന്നതിനെ കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന നിയമസഭകളുടെ അംഗീകാരമില്ലാതെ തന്നെ സുപ്രധാനമായ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാറിന് പാസാക്കിയെടുക്കാമെന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബില്ലിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്നതെന്നും ന്യൂഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

Tags:    
News Summary - ‘One nation, one election’ cleared by Union Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.