ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർ കൊല്ലെപ്പട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇതിൽ മൗനം പാലിക്കുന്നവർ മരിച്ചവരായിരിക്കുമെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
ആക്രമണത്തെ മനുഷ്യത്വരഹിതമായ കൂട്ടക്കൊലയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'മനുഷ്യത്വ രഹിതമായ ഈ കൂട്ടക്കൊല കണ്ടതിന് ശേഷവും മൗനം പാലിക്കുന്നവർ, അവർ നേരത്തേതന്നെ മരിച്ചവരായിരിക്കും. എന്നാൽ ഇൗ ത്യാഗം വെറുതെയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കിസാൻ സത്യാഗ്രഹ സിന്ദാബാദ്' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ലഖിംപുരിയിൽ അരങ്ങേറിയ സംഭവ വികാസങ്ങളിൽ കർഷകർ അടക്കം പേരാണ് കൊല്ലെപ്പട്ടതെന്ന് യു.പി പൊലീസ് അറിയിച്ചിരുന്നു. നാലു കർഷകർ ഉൾപ്പെടെ എട്ടുപേരാണ് മരിച്ചത്. ഇതിൽ വാഹനത്തിലുണ്ടായിരുന്നവരും ഉൾപ്പെടും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് മൂന്ന് വാഹനങ്ങൾ പാഞ്ഞുകയറുകയായിരുന്നു. കോപാകുലരായ സമരക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചിരുന്നു. സമരക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ അകമ്പടിക്കുപോയ സർക്കാർ, സ്വകാര്യ വാഹനങ്ങളാണ് റോഡിലൂടെ പോയ കർഷകരുടെമേൽ കയറിയത്. ഇതിലൊരു കാറിൽ മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നും പറയുന്നു.
നിലിവിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.