ന്യൂഡല്‍ഹി: കോവിഡിനെ തുടർന്നുണ്ടായ ഓൺലൈൻ പഠനം രാജ്യത്ത് വലിയതോതിൽ ഡിജിറ്റൽ വിവേചനം സൃഷ്ടിച്ചതായി വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെൻററി സമിതി റിപ്പോർട്ട്. 'പഠനവിടവ് നികത്തുന്നതിനുള്ള പദ്ധതികളും - സ്കൂൾ പുനഃപ്രവര്ത്തനവും' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കോവിഡും ലോക്ഡൗണും രാജ്യത്തെ 32 കോടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാക്കി. സര്‍ക്കാര്‍ സ്കൂളുകളിലെ 70 ശതമാനം വിദ്യാര്‍ഥികളും അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഇല്ലാത്തവരാണ്. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉണ്ടാവുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
കോവിഡ് പ്രതിസന്ധിയില്‍ ദീര്‍ഘകാലമായി സ്കൂളുകള്‍ അടിച്ചിട്ടത് കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആസ്വാദ്യകരമായിരിക്കുന്നത് 33.8 ശതമാനം വിദ്യാര്‍ഥികള്‍ക്കും 29.6 ശതമാനം അധ്യാപകര്‍ക്കും 27.2 ശതമാനം മാതാപിതാക്കള്‍ക്കും മാത്രമാണ്. ഡിജിറ്റല്‍ വിവേചനം വന്നതോടെ പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ എണ്ണം കൂടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആറു സംസ്ഥാനങ്ങളിലെ 44 ജില്ലകളില്‍ നടത്തിയ പഠനം അനുസരിച്ച് 92 ശതമാനം വിദ്യാര്‍ഥികള്‍ക്കും പഠിച്ചു കൊണ്ടിരുന്ന ഒരു ഭാഷയിലുള്ള പ്രാവീണ്യം മുഴുവനായും നഷ്ടപ്പെട്ടു.
82 ശതമാനം കുട്ടികളും ചുരുങ്ങിയത് ഒരു ഗണിത പാഠമെങ്കിലും പാടേ മറന്നുപോയി. വിദ്യാര്‍ഥികൾക്കും അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും അടിയന്തരമായി വാക്സിന് നല്‍കണം. എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റുകളായോ ക്ലാസുകള്‍ ആരംഭിക്കണം. ഓരോ സ്കൂളിലും ചുരുങ്ങിയത് രണ്ട് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എങ്കിലും വേണം. എല്ലാ സ്കൂളുകളിലും ബന്ധപ്പെട്ട വകുപ്പുകള്‍ അതിവേഗ ഇൻറര്‍നെറ്റും ലഭ്യമാക്കണം. സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും സഹകരിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങള്‍ ലഭ്യമാക്കണം. സ്കൂള്‍ തുറക്കുമ്പോള്‍ പഠന വിടവ് നികത്താന്‍ പ്രത്യേക പാഠ്യപദ്ധതികള്‍ രൂപവത്കരിക്കണം. അവധിക്കാലം വെട്ടിക്കുറിച്ച് പ്രത്യേക ക്ലാസുകള്‍ ആരംഭിക്കണം. ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗതമായി വിദഗ്ധ അധ്യാപകരുടെ സേവനം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ സമിതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.