ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതിചേർക്കപ്പെട്ട ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് ലൈംഗികോദ്ദേശ്യത്തോടെയല്ലാത്തതിനാൽ കുറ്റകരമല്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ഏഴ് വനിത ഗുസ്‍തി താരങ്ങളുടെ പരാതിയിൽ ബ്രിജ്ഭൂഷണും വിനോദ് തോമറിനും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിലെ വാദം കേൾക്കുന്നതിനിടെയായിരുന്നു ബ്രിജ്ഭൂഷന്റെ വിശദീകരണം. വാദം ഒക്ടോബർ 19ന് തുടരും.
ബ്രിജ്ഭൂഷൻ അവസരം കിട്ടുമ്പോഴെല്ലാം ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നും ഡല്‍ഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ഭൂഷണെതിരെ കുറ്റപത്രത്തിലുള്ളത്.
താജികിസ്താനിലെ ഒരു പരിപാടിക്കിടെ ഭൂഷൺ പരാതിക്കാരിയായ ഒരു ഗുസ്തി താരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചതിനെതിരെ താരം പ്രതിഷേധിച്ചപ്പോൾ ഒരു പിതാവിനെപ്പോലെയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു ബ്രിജ് ഭൂഷൺ നൽകിയ മറുപടി. തന്റെ ചെയ്തികളെ കുറിച്ച് അയാൾക്ക് പൂർണ ബോധ്യമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. താജികിസ്താനിൽ നടന്ന ഏഷ്യൽ ചാമ്പ്യൻഷിപ്പിൽ ഭൂഷൺ സമ്മതമില്ലാതെ തന്‍റെ വസ്ത്രം ഉയർത്തി വയറ്റിൽ പിടിച്ചതായി മറ്റൊരു ഗുസ്തി താരവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ഗുസ്തി താരങ്ങൾ ഡൽഹിയിൽ ദിവസങ്ങളോളം സമരം നടത്തിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.