ന്യൂഡൽഹി: കാബിനറ്റിന്റെ അനുമതിയില്ലാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പാർലെമൻറിന്റെ കൃത്യമായ നടപടി ക്രമങ്ങളോടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം.
കാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്യാതെ പ്രധാനമന്ത്രി വലിയ ഒരു പ്രഖ്യാപനം നടത്തിയെന്നും ചിദംബരം ചൂണ്ടിക്കാട്ടി. 'മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്യാതെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതെന്ന് ശ്രദ്ധിച്ചോ? മുൻകൂർ കാബിനറ്റ് അനുമതിയില്ലാതെ നിയമങ്ങൾ ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും ബി.ജെ.പിക്ക് കീഴിലാണ്' -ചിദംബരം ട്വീറ്റ് ചെയ്തു.
കൂടാതെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവർക്കെതിരെയും ചിദംബരം വിമർശനം ഉന്നയിച്ചു.
'പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമായ രാഷ്ട്ര തന്ത്രമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. കർഷകരോടുള്ള കരുതലാണ് ഇതെന്ന് ബി.ജെ.പി പ്രസിഡന്റ് പറഞ്ഞു. കർഷകരുടെ ക്ഷേമം പരിഗണിച്ചാണ് പ്രധാനമന്ത്രി തീരുമാനമെടുത്തതെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. എന്നാൽ കഴിഞ്ഞ 15 മാസക്കാലം ഈ യോഗ്യരായ നേതാക്കളും അവരുടെ വിദഗ്ധ ഉപദേശങ്ങളും എവിടെയായിരുന്നു' -പി ചിദംബരം ചോദിച്ചു.
വെള്ളിയാഴ്ച രാവിലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് മോദി അറിയിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചെന്നു പറയാനാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നും നിയമങ്ങൾ പിൻവലിക്കുന്നതിെൻറ ഭരണഘടനാപരമായ നടപടി ഈ മാസാവസാനം തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പൂർത്തിയാക്കുമെന്നും മോദി പറഞ്ഞു.
കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള വലിയ ശ്രമത്തിെൻറ ഭാഗമായാണ് മൂന്നു കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശക്തിപ്പെടുത്തുകയായിരുന്നു മൂന്നു കാർഷിക നിയമങ്ങളുടെയും ലക്ഷ്യം. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾക്ക് ശരിയായ വില കിട്ടണം. വിൽക്കാൻ പരമാവധി സാധ്യതകൾ തുറന്നു കൊടുക്കണം. നിയമപരിഷ്കരണത്തിന് കർഷകരും കാർഷിക വിദഗ്ധരും കർഷക സംഘടനകളുമൊക്കെ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
പഴയ സർക്കാറുകളും ഇതേക്കുറിച്ച് ഏറെ ചിന്തിച്ചതാണ്. പാർലമെൻറിൽ ചർച്ച നടന്നു. നിരവധി കൂടിയാലോചനകളുണ്ടായി. അതിനുശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. രാജ്യത്തിെൻറ മുക്കിലും മൂലയിലുമുള്ള നിരവധി കർഷക സംഘടനകൾ അതിനെ പിന്തുണച്ചു.
അർപ്പണ മനോഭാവത്തോടെ, പൂർണ ബോധ്യത്തോടെ, ആത്മാർഥമായി, കാർഷിക മേഖലയുടെയും പാവപ്പെട്ട ഗ്രാമീണരുടെയും ഭാവിയെ കരുതിയാണ് പ്രവർത്തിച്ചത്. കർഷകരുടെ താൽപര്യത്തിനു വേണ്ടി അത്രയും പവിത്രമായി ചെയ്ത ഒരു കാര്യം ചില കർഷകരെ ബോധ്യപ്പെടുത്താൻ, ശ്രമിച്ചതല്ലാതെ, സർക്കാറിന് സാധിച്ചില്ലെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.