ന്യൂഡൽഹി: 12 എം.പിമാരുെട സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം തിങ്കളാഴ്ച വീണ്ടും പുനരാരംഭിച്ചതോടെ സഭാ സ്തംഭനവും ആവർത്തിച്ചു. ജനറൽ ബിപിൻ റാവത്തിെൻറ ദാരുണ മരണത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗാന്ധിപ്രതിമക്ക് മുന്നിലെ സമരം 12 എം.പിമാരും തിങ്കളാഴ്ച പുനരാരംഭിച്ചു.
സഭ ചേർന്നപ്പോൾ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രശ്നമുന്നയിച്ചു. സഭയുടെ കാവൽക്കാരൻ ചെയർമാനാണെന്നും പ്രതിപക്ഷം എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് സർക്കാറിന് ആജ്ഞാപിക്കാനാവില്ലെന്നും ഖാർഗെ ചെയർമാനോട് പറഞ്ഞു. പ്രതിപക്ഷത്തിെൻറ മുദ്രാവാക്യം വിളിയെ തുടർന്ന് ചെയർമാൻ വെങ്കയ്യ നായിഡും സഭ 12 മണിവരെ നിർത്തിവെച്ചു.
ശൂന്യവേള മുടക്കാതെ തങ്ങൾ ഇറങ്ങിപ്പോക്കിന് തീരുമാനിച്ചതായിരുന്നുവെന്നും എന്നാൽ, സഭ ദുരൂഹമായി നിർത്തിവെക്കുകയാണ് ചെയർമാൻ ചെയ്തതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. പിന്നീട് രാജ്യസഭ സമ്മേളിച്ച് ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ (ശമ്പളവും വ്യവസ്ഥകളും) സംബന്ധിച്ച ഭേദഗതി ബിൽ പ്രതിപക്ഷ പിന്തുണയോടെ പാസാക്കി.
ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പളവും പെൻഷനും സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനുള്ള ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. ജുഡീഷ്യറിയിൽ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക സമുദായങ്ങളുടെയും പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.
ജുഡീഷ്യറിയിലെ മുസ്ലിംകളുടെയും ദലിതുകളുടെയും മോശം പ്രാതിനിധ്യവും ജയിലുകളിലെ അവരുടെ അമിത പ്രാതിനിധ്യവും നമ്മുടെ മനഃസാക്ഷിയെ അസ്വസ്ഥമാക്കേണ്ടതാണെന്ന് വഹാബ് അഭിപ്രായപ്പെട്ടു. കേരളത്തിൽ സുപ്രീംകോടതി ബെഞ്ച് എന്ന കേരളത്തിലെ ജനങ്ങളുടെ ദീർഘകാല അപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.