ഗുവാഹതി (അസം): നിയമസഭ, പാർലമെന്റ് മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അസമിലെ പ്രതിപക്ഷ കക്ഷിയായ ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്). കരട് നിർദേശപ്രകാരം മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ എട്ട്-ഒമ്പത് സീറ്റുകളുടെ കുറവുണ്ടാകുമെന്നും ഇത് പാർട്ടിയെയും അധ്യക്ഷൻ ബദറുദ്ദീൻ അജ്മലിനെയും ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ജനറൽ സെക്രട്ടറി അമീനുൽ ഇസ്‍ലാം എം.എൽ.എ ആരോപിച്ചു.
പ്രത്യേക സമുദായത്തെ രാഷ്ട്രീയമായി തകർക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ചേർന്ന് ശ്രമിക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കോടതിയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 20ന് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ കരട് നിർദേശത്തിൽ നിയമസഭ, ലോക്സഭ സീറ്റുകളുടെ എണ്ണം യഥാക്രമം 126, 14 ആയി നിലനിർത്തിയിട്ടുണ്ടെങ്കിലും പട്ടികജാതി സീറ്റിന്റെ എണ്ണം എട്ടിൽനിന്ന് ഒമ്പതായും പട്ടിക വർഗത്തിന്റേത് 16ൽനിന്ന് 19 ആയും ഉയർത്തിയിട്ടുണ്ട്. എസ്.ടിക്ക് രണ്ടും എസ്.സിക്ക് ഒന്നും പാർലമെന്റ് സീറ്റുകളും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏഴു രാജ്യസഭ സീറ്റുമുണ്ട്. പല മണ്ഡലങ്ങളുടെയും അതിർത്തി പുനർനിർണയിച്ചു. ഇതിനെതിരെയാണ് എ.ഐ.യു.ഡി.എഫിന്റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.