ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളിൽ ഹിന്ദി പേര് ചേർക്കണമെന്ന നിർദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) പിൻവലിച്ചു. തൈര് പായ്ക്കറ്റുകളിൽ ദഹി എന്ന് ചേർക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ദഹി എന്ന് ചേർക്കേണ്ട എന്നും ഇംഗ്ലീഷിൽ CURD എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ വാക്കും ചേർക്കണമെന്നാണ് പുതിയ നിർദേശം.
തൈര് പായ്ക്കറ്റുകളിൽ ദഹി എന്ന് ചേർക്കണമെന്ന നിർദേശത്തിനെതിരെ തമിഴ്നാട്ടിലും കർണാടകയിലും വൻ പ്രതിഷേധമുയർന്നിരുന്നു. തൈര് പായ്ക്കറ്റിൽ ദഹി എന്ന് പേര് നൽകി ബ്രായ്ക്കറ്റിൽ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ആദ്യം ക്ഷ്യ സുരക്ഷ അതോറിറ്റി നിർദേശിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കം ഇതിനെതിരെ രംഗത്തുവന്നു. തുടർന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ പുതിയ തീരുമാനം.
സ്വന്തം സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന തൈര് പാക്കറ്റിലെ പേരിൽ പോലും ഹിന്ദി അടിച്ചേൽപിക്കുന്നതിലേക്കു കാര്യങ്ങൾ എത്തിയെന്നും മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയിൽ നിന്ന് ഇല്ലാതാക്കുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
തൈരിനു പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്നുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ദഹി എന്ന ഹിന്ദി വാക്ക് നൽകാനും കന്നഡ വാക്ക് ബ്രായ്ക്കറ്റിൽ ഉപയോഗിക്കാനും ഭക്ഷ്യസുരക്ഷ അതോറിറ്റി നിർദേശിച്ചത്. ഇതു സംബന്ധിച്ചുള്ള മാധ്യമ വാർത്ത സഹിതമാണു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. ഇതുപോലുള്ള നിർദേശം തമിഴ്നാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനും ലഭിച്ചിരുന്നു.
ഇതാദ്യമായല്ല കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തെ തമിഴ്നാട് ചെറുക്കുന്നത്. 1930 മുതൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളെ തമിഴ്നാട് ചെറുക്കുന്നുണ്ട്. 1960 കളിൽ ഹിന്ദി അടിച്ചേൽപ്പിനെതിരെ നടന്ന വൻ പ്രതിഷേധം സ്റ്റാലിന്റെ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തെ (ഡി.എം.കെ) അധികാരത്തിലെത്തിച്ചു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങൾ ഹിന്ദി സ്വീകരിക്കുന്നിടത്തോളം കാലം ഇംഗ്ലീഷ് ഒരു ലിങ്ക് ഭാഷയായി തുടരുമെന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉറപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.