ന്യൂഡൽഹി: രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാകുന്ന അക്രമ സംഭവങ്ങളുമായി മണിപ്പൂരിനെ താരതമ്യപ്പെടുത്തേണ്ടെന്ന് സുപ്രീംകോടതി. ഒറ്റപ്പെട്ട സംഭവങ്ങളല്ല, മുമ്പൊരിക്കലുമുണ്ടാകാത്ത തോതിലുള്ള വ്യവസ്ഥാപിതമായ രീതിയിലുള്ള അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് മണിപ്പൂരിൽ അരങ്ങേറുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കടുത്ത ചോദ്യങ്ങളുന്നയിച്ച സുപ്രീംകോടതി ഈ ചോദ്യങ്ങൾക്ക് ചൊവ്വാഴ്ച ഉത്തരങ്ങളുമായി വരാൻ ഇരു സർക്കാറുകൾക്കും വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വാദം തുടരും. രാജ്യത്തെ നടുക്കിയ വൈറൽ വിഡിയോ കണ്ട് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രസ്തുത വിഡിയോയിൽ വിവസ്ത്രരാക്കപ്പെട്ട് അതിക്രൂരമായ അതിക്രമത്തിനിരയായ രണ്ട് കുക്കി വനിതകൾ സമർപ്പിച്ചത് അടക്കമുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. രാജ്യത്തെമ്പാടും സ്ത്രീകൾക്കുനേരെ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട് എന്നും അതൊരു സാമൂഹിക യാഥാർഥ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, വർഗീയവും വിഭാഗീയവുമായ ഒരു സംഘട്ടനത്തിൽ മുമ്പൊരിക്കലുമുണ്ടാകാത്ത തോതിൽ സ്ത്രീകൾക്കെതിരെ അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് മണിപ്പൂരിൽ അരങ്ങേറുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീകൾക്കെതിരായ അക്രമങ്ങളുണ്ടെന്ന് പറയുന്നതിൽ ഒരു നേട്ടവുമില്ല. മണിപ്പൂരിൽ നടക്കുന്നതിന് സമാനമായ കുറ്റകൃത്യങ്ങൾ മറ്റു ഭാഗങ്ങളിലും നടക്കുന്നുവെന്ന് ഒഴികഴിവ് പറയേണ്ട. ഒന്നുകിൽ ഇന്ത്യയുടെ എല്ലാ പെൺമക്കളെയും രക്ഷപ്പെടുത്തണം, അല്ലെങ്കിൽ ആരെയും രക്ഷപ്പെടുത്തേണ്ട എന്നാണോ പറയുന്നത്?
അക്രമം നടന്നത് മേയ് നാലിനാണ്. എഫ്.ഐ.ആറിട്ടത് മേയ് 18നാണ്. 14 നാളും പൊലീസ് എന്തെടുക്കുകയായിരുന്നു? ഇതിനൊരു ന്യായീകരണവുമില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള തടസ്സമെന്തായിരുന്നു? ഈ എഫ്.ഐ.ആർ പിന്നീട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അയക്കാൻ ജൂൺ 21 വരെ കാത്തിരുന്നതെന്തിന്? ആ വിഡിയോ വൈറലാകുന്നതുവരെ അറസ്റ്റിന് കാത്തിരുന്നതെന്തിന്? തങ്ങളെ കൈമാറിയത് പൊലീസ് ആണെന്ന് ഇരകളുടെ മൊഴികളുണ്ട്.
നിർഭയ കേസിലേതുപോലൊരു സാഹചര്യമല്ല ഇത്. അതൊരു ബലാത്സംഗമായിരുന്നു. ഭീതിജനകമായിരുന്നുവെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. മണിപ്പൂരിലേത് സംഘടിതമായ അക്രമമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ അത് വേറെ കുറ്റകൃത്യമാണ്. മണിപ്പൂരിൽ എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തുവെന്ന വിവരം തന്റെ പക്കലില്ലെന്ന് മേത്ത ബോധിപ്പിച്ചപ്പോൾ ഈ വസ്തുതകളൊന്നും സർക്കാറിന്റെ പക്കലില്ലെന്നതുതന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വൈറലായ വിഡിയോ ഒറ്റപ്പെട്ട സംഭവമല്ലെന്നും അത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
സമയമേറെ വൈകി. മൂന്നുമാസം കടന്നുപോയി. തെളിവുകൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് അതിനർഥം. ദൃക്സാക്ഷികളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടുവെന്ന് താൻ പത്രത്തിൽ വായിച്ചു. സി.ബി.ഐയെ കാര്യങ്ങൾ ഏല്പിച്ചുകൊണ്ടുള്ള ഒരു എസ്.ഐ.ടി കൊണ്ട് കാര്യമില്ല. കുടുംബത്തെയൊന്നാകെ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 19കാരിയെ നാം കാണണം.
അവിടെനിന്ന് അവരോട് മജിസ്ട്രേറ്റിന് മുമ്പിലേക്ക് പോകാൻ പറയാനാവില്ല. നീതിയുടെ പ്രക്രിയ അവരുടെ വാതിൽപ്പടിക്കൽ എത്തുന്നുവെന്ന് ഉറപ്പുവരുത്താൻ നമുക്കാകണം. എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ മാത്രമുള്ള ശ്രമമല്ല സുപ്രീംകോടതി നടത്തുന്നതെന്നും ജീവിതം പുനർനിർമിക്കാനുള്ള നീക്കം കൂടിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.