ബംഗളൂരു: പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയുടെ ഉദ്ദേശ്യം തങ്ങൾക്കുവേണ്ടി അധികാരം പിടിച്ചെടുക്കുകയെന്നതല്ല, രാജ്യത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുകയെന്നതാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ 26 പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനുശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയിലാണ്ട ബി.ജെ.പി, അധികാരത്തിലെത്തിയശേഷം കറിവേപ്പില പോലെ വലിച്ചെറിഞ്ഞ പഴയ കക്ഷികളുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
‘ഒന്നിച്ചു പ്രവർത്തിക്കാനായി 26 പാർട്ടികൾ ബംഗളൂരുവിൽ സന്നിഹിതരായതിൽ ഞാൻ സന്തുഷ്ടവാനാണ്. ഞങ്ങളൊരുമിച്ചുനിൽക്കുമ്പോൾ, അതിൽ 11 സംസ്ഥാനങ്ങളിൽ ഭരണം നിയന്ത്രിക്കുന്നവരുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് കിട്ടിയതല്ല അവരുടെ 303 സീറ്റുകൾ. സഖ്യകക്ഷികളുടെ വോട്ടുകളും അവർക്കൊപ്പമുണ്ടായിരുന്നു. ആ വോട്ടുകളുടെയും ബലത്തിലാണ് അവർ അധികാരത്തിലെത്തിയത്. ഭരണം കിട്ടിയശേഷം ഒപ്പമുള്ള കക്ഷികളെ തഴയുകയാണ് ബി.ജെ.പി ചെയ്തത്.
ഇപ്പോൾ ബി.ജെ.പി പ്രസിഡന്റും അവരുടെ നേതാക്കന്മാരും ആധി പിടിച്ച് സംസ്ഥാനങ്ങൾ തോറും പായുകയാണ്. പരാജയ ഭീതിയിൽ പഴയ സഖ്യകക്ഷികളുമായുള്ള ബന്ധം പുതുക്കിയെടുക്കാനാണ് ഈ ഓട്ടം. പ്രതിപക്ഷ കക്ഷികളുടെ ഐക്യം അടുത്ത വർഷം തങ്ങളെ അധികാരത്തിൽനിന്ന് പുറന്തള്ളുമെന്ന് അവർ ഭയന്നിരിക്കുന്നു. അതുകൊണ്ടാണ് ഓരോ ഭരണ സ്ഥാപനവും പ്രതിപക്ഷ കക്ഷികൾക്കെതിരായ ആയുധമായി അവർ മാറ്റിത്തീർക്കുന്നത്.
പ്രതിപക്ഷകക്ഷികളുടെ ഈ യോഗത്തിന്റെ ഉദ്ദേശ്യം ഞങ്ങൾക്കുവേണ്ടി അധികാരം പിടിച്ചെടുക്കുകയെന്നതല്ല. ഇത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കാനുള്ള പടപ്പുറപ്പാടാണ്. നമുക്കൊരുമിച്ച് ഇന്ത്യയെ വീണ്ടും പുരോഗതിയുടെയും ക്ഷേമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴികളിലേക്ക് നയിക്കാം’ -ഖാർഗെ ട്വീറ്റ് ചെയ്തു.
‘ഇന്ത്യ’യെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് 11 അംഗ കോഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്ന് ഖാർഗെ അറിയിച്ചു. മുംബൈയിൽ നടക്കുന്ന അടുത്ത യോഗത്തിൽ കമ്മിറ്റിയെ തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.