ലഖ്നോ: ഉത്തർപ്രദേശിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസ്. കുട്ടികൾ ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും മാത്രം കഴിക്കുന്നതിെൻറ വിഡിയോ പുറത്തുവിട്ട ‘ജനസന്ദേശ്’ ഹിന്ദി പത്രത്തിെൻറ ലേഖകൻ പവൻകുമാർ ജയ്സ്വാളിനെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി യു.പി പൊലീസ് കേസെടുത്തത്.
മിർസാപുർ ജില്ലയിൽ ജമൽപുർ ബ്ലോക്കിൽപെട്ട സിയൂർ ഗ്രാമത്തിലെ സ്കൂളിൽ നിന്നാണ് ജയ്സ്വാൾ കഴിഞ്ഞയാഴ്ച വിഡിയോ പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും സർക്കാറിനെതിരെ വൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ജയ്സ്വാളിന് ഇതേപ്പറ്റി വിവരം നൽകിയ ഗ്രാമമുഖ്യെൻറ പ്രതിനിധി രാജ്കുമാർ പാലിനെതിരെയും കേസെടുത്തിട്ടുണ്ട്. യു.പി സർക്കാറിനെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മിർസാപുർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പ്രേം ശങ്കർ റാം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിൽ പച്ചക്കറി എത്തിക്കുന്നതിെൻറ ചുമതലയുണ്ടായിരുന്ന രാജ്കുമാർ പാൽ ജയ്സ്വാളുമായി ഗൂഢാലോചന നടത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും ഉച്ചയാകുന്നതുവരെ പച്ചക്കറി തയാറാകില്ലെന്ന് അറിയാവുന്നയാളാണ് രാജ്കുമാറെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, വിഡിയോ ദൃശ്യങ്ങൾ മിർസാപുർ ജില്ല മജിസ്ട്രേറ്റ് അനുരാഗ് പട്ടേൽ പൂർണമായി ശരിവെച്ചു. അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം ഉച്ചഭക്ഷണത്തിെൻറ ചുമതലയുള്ള അധ്യാപിക, ഗ്രാമപഞ്ചായത്ത് സൂപ്പർവൈസർ എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിൽനിന്ന് വിശദീകരണം തേടി. പ്രൈമറി സ്കൂൾ കുട്ടികൾ ചപ്പാത്തിയും ഉപ്പും മാത്രം കഴിക്കുന്ന വിഡിയോ സങ്കടകരവും ഞെട്ടലുളവാക്കുന്നതുമാണെന്ന് മനുഷ്യാവകാശ കമീഷൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെൻറിെൻറ ഉച്ചഭക്ഷണ പദ്ധതി പ്രകാരം അരി, ധാന്യം, പച്ചക്കറി എന്നിവയടക്കം ദിവസം ചുരുങ്ങിയത് 450 കലോറി ലഭ്യമാകുന്ന ഭക്ഷണം നൽകണമെന്നാണ് നിബന്ധന.
അതിനിടെ, ജയ്സ്വാളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ രംഗത്തുവന്നു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിെൻറ അവസാന ഉദാഹരമാണ് ഇതെന്ന് അവർ പറഞ്ഞു. നോയ്ഡ പൊലീസിനെതിരെ വാർത്ത നൽകിയതിന് നേരത്തേ ചില മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. വാരാണസി പൊലീസ് ഗംഗാതീരം കുട്ടികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നത് ചിത്രീകരിച്ച മാധ്യമപ്രവർത്തകനെയും അറസ്റ്റ് ചെയ്ത സംഭവമുണ്ടായതായും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.