രാജസ്ഥാനിലെ 200 നിയമസഭ സീറ്റുകളിലേക്ക് 1,875 സ്ഥാനാർഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ മത്സരത്തിന്റെ ചിത്രം തെളിഞ്ഞു. 490 സ്ഥാനാർഥികളാണ് പത്രിക പിൻവലിച്ചത്. മത്സരിക്കുന്നവരിൽ വനിതകൾ 183 മാത്രം.
1,692 പേരും പുരുഷ സ്ഥാനാർഥികളാണ്. ബി.ജെ.പി നേതാവും മുൻ വനം മന്ത്രിയുമായ രാജ്പാൽ സിങ്ങാണ് പിന്മാറിയ റെബൽ സ്ഥാനാർഥികളിൽ പ്രമുഖൻ. രാജ്യവർധൻ സിങ് റാത്തോഡ് എം.പി മത്സരിക്കുന്ന ജയ്പുരിനടുത്ത ജോട്വാര മണ്ഡലത്തിലാണ് അദ്ദേഹം പത്രിക നൽകിയിരുന്നത്.
ബി.ജെ.പിയിൽനിന്നും കോൺഗ്രസിൽനിന്നുമായി നിരവധി വിമതർ പിന്മാറിയിട്ടുണ്ട്. ജോട്വാരയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് -18 പേർ. ഏറ്റവും കുറഞ്ഞ സ്ഥാനാർഥികൾ ദൗസയിലെ ലാൽസോട്ട് സീറ്റിലാണ് -മൂന്നു പേർ മാത്രം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജോധ്പുരിൽ വീണ്ടും ജനവിധി തേടുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്തയാളും ജോധ്പുർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് ഇതിനിടെ, ബി.ജെ.പിയിൽ ചേർന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ രാമേശ്വർ കാലുമാറിയത് കോൺഗ്രസിന് ആഘാതമായി. ദൗസ ജില്ലയിലെ മുൻ ജില്ല പ്രമുഖും കോൺഗ്രസ് നേതാവുമായിരുന്ന വിനോദ് ശർമയും ബി.ജെ.പിയിൽ ചേർന്നു.
കോൺഗ്രസ് മുൻ എം.എൽ.എമാരായ ചന്ദ്രശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ മേയർ ജ്യോതി ഖണ്ഡേൽവാൾ എന്നിവരുൾപ്പെടെ നിരവധി പേർ കോൺഗ്രസ്വിട്ട് ബി.ജെ.പിയിലെത്തിയിരുന്നു. മുൻ ധനമന്ത്രി ചന്ദൻമൽ ബൈദിന്റെ മകനാണ് ചന്ദ്രശേഖർ. മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനാണ് ഖണ്ഡേൽവാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.