മുംബൈ: ദിവസങ്ങളായി തിമിർത്തുപെയ്യുന്ന കനത്ത മഴ മുംബൈയിലും അയൽജില്ലകളിലും വിതക്കുന്നത് മഹാനാശം. ഇതുവരെയും 136 പേരുടെ മരണം സ്ഥിരീകരിച്ച മെട്രോപോളിറ്റൻ നഗരത്തിൽ ആൾനാശം കൂടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം തീരദേശമായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മാത്രം 36 പേർ മരിച്ചിരുന്നു. 50 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്. 32 വീടുകളാണ് ഇവിടെ മണ്ണിനടിയിലായത്.
കൊങ്കൺ മേഖലയിലെ ഏഴു ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ മഹാബലേശ്വറിൽ 480 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ കണക്കാണിതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. 1977 ജൂലൈ ഏഴിന് രേഖപ്പെടുത്തിയ 439.8 ആയിരുന്നു ഇതുവരെയും സംസ്ഥാനത്ത് ഏറ്റവും കൂടിയ മഴ. ദിവസങ്ങൾക്കിടെ ഇവിടെ 1993.9 മില്ലീമീറ്റർ പെയ്തതായാണ് കണക്ക്. ഒരു വർഷം മൊത്തമായി പെയ്യുന്ന മഴക്കണക്കാണിത്.
മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലെ സത്താറയിൽ പ്രളയം നിരവധി ജീവനെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ മാത്രം 27 പേരുടെ മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഗോണ്ടിയ, ചന്ദ്രപൂർ, താനെ, പാൽഗഡ്, രത്നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതൽ നാശം റിപ്പോർട്ടുചെയ്യപ്പെട്ട മറ്റു ജില്ലകൾ. കൊൽഹാപൂരിൽ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവിടെ എട്ട് നേപാളി തൊഴിലാളികളുൾെപടെ 11 പേരുമായി പോയ ബസ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയെങ്കിലും യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പാൽഗഢിൽ മൂന്നു പേർ മരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മുംബൈയിൽ പ്രളയം തുടരുന്ന സാഹചര്യത്തിൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. മണ്ണിടിച്ചിലിൽ ട്രാക്കുകൾ കേടുവന്നിരുന്നു. കൊങ്കണിൽ ട്രെയിൻ ഗതാഗതം മുടങ്ങിയതോടെ ആറായിരം യാത്രക്കാർ കുടുങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ട്രെയിനുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ നിർത്തിയിട്ടതായി കൊങ്കൺ അധികൃതർ വ്യക്തമാക്കി.
അതിനിടെ, മഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്ന ഖഡക്വാസ്ല അണക്കെട്ട് തുറന്നുവിട്ടു. പരിസര പ്രദേശങ്ങളിൽ പ്രളയ സാധ്യത കണക്കിലെടുത്ത് പുണെ മുനിസിപ്പൽ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മുംബൈ നഗരത്തിന് ജലം നൽകിയിരുന്ന തടാകങ്ങളൊക്കെയും ജലം ഉയർന്ന് പ്രളയമുനമ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.