ഗുവാഹത്തി: അസമിൽ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി. 1800 ലേറെ പേരെയാണ് ശൈശവ വിവാഹത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ കണ്ണുംപൂട്ടി നടപടി സ്വീകരിക്കാനാണ് പൊലീസിനു നൽകിയ നിർദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. 1800ലേറെ പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി. അസമിൽ രണ്ടാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്ത 4004 ശൈശവ വിവാഹ കേസുകളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച മുതൽ ഈ കേസുകളിൽ നടപടി ആരംഭിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.
14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് അസം മന്ത്രിസഭാ തീരുമാനം.
ശൈശവ വിവാഹത്തിനെതിരായ യുദ്ധം മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിവാഹങ്ങൾ നടത്തിക്കൊടുക്കുന്ന പുരോഹിതൻമാരും പൂജാരികളും നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലാണ് ശിശു-മാതാവ് മരണ നിരക്ക് കൂടുതലുള്ളത്. ഇതിന് പ്രധാനകാരണം ശൈശവ വിവാഹമാണ്. സംസ്ഥാനത്ത് നടക്കുന്ന 31 ശതമാനം വിവാഹവും ശൈശവത്തിൽ നടക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.