മുംബൈ: നവശേവ തുറമുഖത്ത് വൻ ലഹരിവേട്ട. കടലയെണ്ണയുടെ മറവിൽ കടത്തിയ 25 കിലോഗ്രാം ഹെറോയിൻ ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്‍റലിജൻസ്) പിടികൂടി. വ്യവസായിയായ ജയേഷ് ഷാഗ്വിയെ (62) സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ 125 കോടി രുപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്്.
കടലയെണ്ണയുമായി ഇറാനിൽ നിന്ന് വരുന്ന കണ്ടയ്നറിലാണ് ഹെറോയിൻ കടത്തിയത്. ഒക്ടോബർ 4 ന് തുറമുഖത്തെത്തിയ കണ്ടയ്നർ ഡി.ആർ.ഐ തടഞ്ഞുവെച്ചതായിരുന്നു. പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
തുറമുഖങ്ങളിലൂടെ വലിയ തോതിലുള്ള മയക്കു മരുന്ന് കടത്ത് നേരത്തെയും പിടികൂടിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഭരണകക്ഷിയിലെ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യത്തെ മുൻനിര ധനികൻ അദാനിയുടെ നിയന്ത്രണണത്തിലുള്ള ഗുജറാത്തിലെ മുൻദ്ര പോർട്ടിലൂടെ കടത്തിയ 20,000 കോടിയുടെ മയക്കുമരുന്ന് കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ടാൽകം പൗഡറെന്ന വ്യജേനയാണ് അഫ്ഗാനിൽ നിന്ന് അന്ന് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
25 കോടി രൂപയോളം വിലവരുന്ന അഞ്ച് കിലോഗ്രാം ഹെറോയിനുമായി മുംബൈ വിമാനതാവളത്തിൽ അമ്മയും മകളും പിടിയിലായതും കഴിഞ്ഞ മാസമാണ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നിന്ന് വരുന്നവരായിരുന്നു പിടിക്കപ്പെട്ട അമ്മയും മകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.