ശ്രീനഗർ: ഇന്ത്യ- പാക് അതിർത്തി നിയന്ത്രണരേഖയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ പാകിസ്താൻ നടത്തിയത് 3000ത്തിലധികം വെടിനിർത്തൽ കരാർ ലംഘനങ്ങളെന്ന് കേന്ദ്രസർക്കാർ. ജനുവരി ഒന്നുമുതൽ സെപ്തംബർ ഏഴുവരെ അതിർത്തിയിൽ 3,186 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 17 വർഷങ്ങൾക്കിടെ ഏറ്റവും ഉയർന്ന കണക്കാണിത്. 2003 അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ പാകിസ്താനുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാറിന് ശേഷം ഏറ്റവും കൂടുതൽ തവണ കരാർ ലംഘനം നടന്നിട്ടുള്ളത് 2020ലാണെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ വ്യക്തമാക്കി.
ജമ്മു മേഖലയിൽ ജനുവരി ഒന്നുമുതൽ ആഗസ്റ്റ് 31 വരെ 242 തവണ അതിർത്തി കടന്നുള്ള വെടിവെപ്പുണ്ടായി. അതിർത്തിയിലെ പാക് വെടിവെപ്പിൽ ഈ വർഷം എട്ട് സൈനികർക്ക് ജീവൻ നഷ്ടമാവുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പും ഷെല്ലാക്രമണവുമായി ഏറ്റവും കൂടുതൽ സിവിലിയൻമാർ കൊല്ലപ്പെട്ടതും വീടുകളും മറ്റും തകർക്കപ്പെട്ടതും ഈ വർഷമാണ്. അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്താൻ നടത്തിയ ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തിയിട്ടുണ്ടെന്നും എല്ലാ ലംഘനങ്ങളും പാക് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ വ്യക്തമാക്കി.
2020 ജൂൺ വരെ 2,432 വെടിവെപ്പ് കരാർ ലംഘനമാണ് പാകിസ്താൻ സൈന്യം നടത്തിയിട്ടുള്ളത്. കോവിഡ് മഹാമാരി പടർന്നതോടെ പാക് പ്രകോപനത്തിെൻറ തോത് കുറഞ്ഞു. എന്നാൽ ചൈനയുമായുള്ള അതിർത്തി പ്രശ്നം ഉടലെടുത്തതോടെ പാകിസ്താൻ വ്യാപകമായി വെടിവെപ്പ് തുടങ്ങി.
2019ൽ പാകിസ്താൻ 2000ത്തോളം വെടിവെപ്പ് കരാർ ലംഘനങ്ങളാണ് നടന്നിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.