കൊൽക്കത്ത: ആർ.ജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ വനിത ഡോക്ടർക്ക് നീതി ആവശ്യപ്പെട്ടും സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കല്യാണി ജെ.എൻ.എം ആശുപത്രിയിലെ 77 സീനിയർ ഡോക്ടർമാർ കൂട്ടരാജി ഭീഷണി മുഴക്കി. തിങ്കളാഴ്ച മുതൽ ജോലിക്കെത്തില്ലെന്ന് കാണിച്ച് പശ്ചിമ ബംഗാൾ ആരോഗ്യ സർവകലാശാല രജിസ്ട്രാർക്കാണ് ഡോക്ടർമാർ ഇ-മെയിൽ അയച്ചത്. അരക്ഷിതമായ സാഹചര്യത്തിൽ നിലവിലെ മാനസികാവസ്ഥയിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന ജൂനിയർ ഡോക്ടർമാരുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. പ്രശ്നം പരിഹരിക്കാൻ കാര്യമായ ഇടപെടൽ നടത്താത്ത സംസ്ഥാന സർക്കാർ നടപടിയെയും കത്തിൽ വിമർശിക്കുന്നു. ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗമിനെ മാറ്റണമെന്നും ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ഒരുക്കണെമന്നതടക്കമുള്ള ആവശ്യങ്ങളാണ് ഡോക്ടർമാർ മുന്നോട്ടുവെക്കുന്നത്.
ഈമാസം 14നകം പ്രശ്നപരിഹാരമായില്ലെങ്കിൽ കൂട്ടരാജി സമർപ്പിക്കുമെന്ന് സീനിയർ ഡോക്ടർമാർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഡോക്ടർമാരുടെ കൂട്ടരാജി അംഗീകരിക്കില്ലെന്നും ഓരോരുത്തരും വെവ്വേറെ രാജി സമർപ്പിക്കണമെന്നാണ് സർവിസ് ചട്ടങ്ങളിലുള്ളതെന്നും മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അലപൻ ബന്ദോപധ്യായ പ്രതികരിച്ചു. പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെ കൂട്ട ഒപ്പിട്ടയച്ച കത്താണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തിങ്കളാഴ്ച മുതൽ ആശുപത്രികളിലെ ഒ.പി ചികിത്സയും അടിയന്തരമല്ലാത്ത സേവനങ്ങളും രാജ്യവ്യാപകമായി നിർത്തിവെക്കാൻ റസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷനുകളെ (ആർ.ഡി.എ) പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫെയ്മ) ആഹ്വാനം ചെയ്തു. എന്നാൽ, അടിയന്തര സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും എല്ലാ അസോസിയേഷനുകളോടും സംഘടന അഭ്യർഥിച്ചു. ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം ഞായറാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായ മൂന്ന് ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശ്ന പരിഹാരമായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സമരം ശക്തമാക്കാനാണ് തീരുമാനം. സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.