ആ പെൺകുട്ടികളെ ഇനി ആര് സംരക്ഷിക്കും? -അസമിലെ ശൈശവ വിവാഹ അറസ്റ്റിനെതിരെ ഉവൈസി

ഹൈദരാബാദ്: അസമിലെ ശൈശവ വിവാഹ അറസ്റ്റുകൾക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. സംസ്ഥാന സർക്കാറിന്റെ നടപടിയെ തുടർന്ന് ഒറ്റപ്പെട്ടുപോയ പെൺകുട്ടികളെ ആരു പരിപാലിക്കുമെന്ന് ഉവൈസി ചോദിച്ചു.

കഴിഞ്ഞ ആറ് വർഷമായി അസമിൽ ബി.ജെ.പി സർക്കാറാണ്. ആറ് വർഷമായി നിങ്ങൾ എന്താണ് ചെയ്തത്? ഇത് നിങ്ങളുടെ പരാജയമാണ്. നിങ്ങൾ അവരെ ജയിലിലേക്ക് അയക്കുന്നു. ഇനി ആ പെൺകുട്ടികളെ ആരു പരിപാലിക്കും? ഇത് സംസ്ഥാനത്തിന്റെ പരാജയമാണ്, അതിലുപരിയായി നിങ്ങൾ അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് -വാർത്താ സമ്മേളനത്തിൽ ഉവൈസി പറഞ്ഞു.

അസം സർക്കാർ ഇതിനകം 4,000 കേസുകളെടുത്തു. വീണ്ടും 4,000 കേസുകൾകൂടി രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലുമാണ്. എന്തുകൊണ്ടാണ് നിങ്ങൾ പുതിയ സ്‌കൂളുകൾ ആരംഭിക്കാത്തത്? അസമിലെ ബി.ജെ.പി സർക്കാർ മുസ്‌ലിംകൾക്കെതിരായ പക്ഷപാതപരമായ സർക്കാറാണ് -ഉവൈസി കുറ്റപ്പെടുത്തി.

ശൈശവ വിവാഹത്തിനെതിരായ പൊലീസ് നടപടി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരുമെന്ന് ഇന്നലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തുടനീളം 2,258 പേർ അറസ്റ്റിലായതായും 4,074 കേസുകൾ രജിസ്റ്റർ ചെയ്തതായുമാണ് റിപ്പോർട്ട്. അറസ്റ്റ് ഇനിയും തുടരുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ പോക്‌സോ നിയമപ്രകാരവും, 14നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കുമെന്നാണ് അസം സർക്കാർ തീരുമാനം. അതേസമയം, തങ്ങളുടെ കുടുംബാംഗങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനുകളിലേക്ക് നിരവധി സ്ത്രീകൾ പ്രതിഷേധ മാർച്ച് നടത്തി.

Tags:    
News Summary - Who Will Take Care Of Girls says Owaisi On Assam Child Marriage action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.