ന്യൂഡൽഹി: കോവിഡ് താണ്ഡവമാടുന്ന ഡൽഹിയെ ഓക്സിജൻ, മരുന്നു ക്ഷാമം വരിഞ്ഞുമുറുക്കുന്നതിന് കേന്ദ്ര സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡൽഹി ഹൈകോടതി. ഫാക്ടറിയോ ജീവനോ വലുത്? വ്യവസായികൾക്കാണോ മനുഷ്യർക്കാണോ ഇപ്പോൾ ആദ്യം ഓക്സിജൻ നൽകേണ്ടത്? കോടതി ചോദിച്ചു. ഓക്സിജെൻറയും മറ്റു ക്രമീകരണങ്ങളുടെയും കാര്യത്തിൽ ഡൽഹിയെ കേന്ദ്ര സർക്കാർ തഴയുന്നുവെന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു ഹൈകോടതി. ഓക്സിജൻ, മരുന്ന്, വാക്സിൻ, ആശുപത്രി െബഡ് സൗകര്യം എന്നിവക്കായി കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടും ആവശ്യത്തിനു കിട്ടാത്തതാണ് ഡൽഹിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ പരാതിപ്പെട്ടു.
ഫാക്ടറികൾക്ക് പിന്നീടും നൽകാം. മനുഷ്യ ജീവനാണ് അപകടത്തിൽ. അവശ്യം വേണ്ട സ്ഥലത്തേക്ക് മരുന്നും ഓക്സിജനും എത്തുന്നില്ലെങ്കിൽ, ബന്ധപ്പെട്ടവരുടെ കൈകളിൽ രക്തക്കറയുണ്ട്. പെട്രോളിയം, ഉരുക്കു ഫാക്ടറികൾക്കും മറ്റുമുള്ള ഓക്സിജൻ വിതരണം വെട്ടിക്കുറച്ച് കോവിഡ് ബാധിതർക്ക് ആവശ്യത്തിന് നൽകാൻ കോടതി നിർദേശിച്ചു. മനുഷ്യജീവനേക്കാൾ പ്രധാനം വ്യവസായ താൽപര്യമാണെന്നു വന്നാൽ വലിയ ദുരന്തത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുക. ഇന്നത്തെ നിരക്കിൽ പോയാൽ 130 കോടി ജനങ്ങളുള്ള രാജ്യത്ത് ഒരു കോടിയാളുകളെ നമുക്ക് നഷ്ടപ്പെടും. അതിവേഗം കാര്യങ്ങൾ മുന്നോട്ടുനീക്കണം. ഒറ്റ ദിവസം 32,000 എന്ന കണക്കിൽ കോവിഡ് ബാധിതരുടെ എണ്ണം പെരുകുകയാണ് ഡൽഹിയിൽ -കോടതി ചൂണ്ടിക്കാട്ടി. സർക്കാറിെൻറ നടത്തിപ്പ് കോടതിയുടെ പണിയല്ല. എന്നാൽ, സാഹചര്യങ്ങളെക്കുറിച്ച് സർക്കാർ ഉത്തരവാദിത്തത്തോടെ ചിന്തിക്കണം.
ക്ഷാമം മൂലം കോവിഡ് ബാധിതർക്ക് നൽകുന്ന ഓക്സിജെൻറ അളവ് കുറക്കാൻ നിർബന്ധിതരായെന്ന് ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ പരാതിപ്പെടുന്നത് കേൾക്കാൻ ഇടയായെന്ന് കോടതി പറഞ്ഞു. വ്യാവസായിക ഉപയോഗത്തിന് ഒാക്സിജൻ നൽകുന്നത് ഏപ്രിൽ 22 മുതൽ നിരോധിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. എന്തുകൊണ്ട് ഇന്നുതന്നെ പറ്റില്ല? 22 ആകാൻ കാത്തിരിക്കുന്നത് എന്തിന്? ഓക്സിജനു വേണ്ടി കോവിഡ് ബാധിതർ 22 വരെ കാത്തിരിക്കാനാണോ സർക്കാർ പറയുന്നത്?
രാജ്യത്തെ വലിയ സംസ്ഥാനത്തേക്ക് ഓക്സിജൻ വഴിതിരിച്ചു വിടുന്നതിനാൽ ആവശ്യത്തിന് ഓക്സിജൻ ഡൽഹിയിൽ കിട്ടുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ കോടതിയിൽ പരാതിപ്പെട്ടിരുന്നു. ഇത്തരം പക്ഷപാതത്തെയും കോടതി വിമർശിച്ചു. അതേസമയം, ഐ.സി.യു കിടക്കകൾ ആവശ്യമായി വരുന്ന രോഗികൾ മൂന്നു ശതമാനം മാത്രമാണെന്ന് കേന്ദ്രം വിശദീകരിച്ചു. അവർക്ക് വേണ്ടിവരുന്നത് 24 ലിറ്റർ ഓക്സിജൻ മാത്രമാണ്. ഐ.സി.യുവിൽ അല്ലാത്തവർക്കായി 10 ലിറ്റർ മതി. ഇത്രയും ഓക്സിജൻ കൊടുക്കാൻ ഡൽഹി സർക്കാറിന് പറ്റുന്നില്ലെങ്കിൽ, ആരോഗ്യ സംവിധാനം കേന്ദ്രത്തെ ഏൽപിച്ചേക്കുക. കേന്ദ്രസർക്കാർ കൈകാര്യം ചെയ്തുകൊള്ളാം.
80 ശതമാനം കോവിഡ് കേസുകളും ലഘു സ്വഭാവത്തിലുള്ളതാണ്. മൂന്നു ശതമാനത്തിനുമാത്രം മതി ഐ.സി.യു പരിചരണം. 700 മെട്രിക് ടൺ ഓക്സിജൻ ചോദിച്ച ഡൽഹിക്ക് 378 ടൺ നൽകിക്കഴിഞ്ഞെന്നും കേന്ദ്രം കോടതിയെ ധരിപ്പിച്ചു. 75,000 പേർക്ക് 220 ടൺ മതിയാവുമെന്നും സർക്കാർ വാദിച്ചു. ഫാക്ടറികൾക്കുള്ളത് കുറച്ച് ആശുപത്രികൾക്ക് ഓക്സിജൻ നൽകിയേ തീരൂവെന്ന് കോടതി വ്യക്തമാക്കി.
ഡൽഹിക്ക് എത്രയും പെട്ടെന്ന് ഓക്സിജൻ വേണം; അപേക്ഷയുമായി വീണ്ടും കെജ്രിവാൾന്യൂഡൽഹി: കോവിഡ് ബാധിതർക്ക് നൽകാൻ മതിയായ ഓക്സിജൻ ഡൽഹിക്ക് ഏറ്റവും പെട്ടെന്ന് അനുവദിക്കണമെന്ന് 'തൊഴുകൈകളോടെ' കേന്ദ്രസർക്കാറിനോട് അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏതാനും മണിക്കൂറുകളിലേക്ക് വേണ്ട ഓക്സിജൻ മാത്രമാണ് പല ആശുപത്രികളിലും ഉള്ളതെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. കടുത്ത ഓക്സിജൻ ക്ഷാമമാണ് ഡൽഹിയിൽ. ഗംഗാറാം ആശുപത്രിയിൽ എട്ടു മണിക്കൂറിലേക്കുള്ള ഓക്സിജൻ മാത്രമാണ് ബാക്കി. കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന ഇൗ ആശുപത്രിയിൽ, അവർക്കായി 485 കിടക്കകളുണ്ട്. 120 പേർ ഐ.സി.യുവിലാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കൂടുതൽ ഓക്സിജനായി കേന്ദ്രത്തോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.