ന്യൂഡൽഹി: സി.ബി.െഎ രജിസ്റ്റർ ചെയ്ത െഎ.എൻ.എക്സ് മീഡിയ കേസിൽ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചിദംബരം നാടുവിടാനിടയുണ്ടെന്ന കേന്ദ്ര സർക്കാറിെൻറ വാദം തള്ളിയാണ് ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
എന്നാൽ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർചെയ്ത േകസിൽ കസ്റ്റഡിയിലായ ചിദംബരത്തിന് അതവസാനിക്കുംവരെ മോചനമില്ല. രണ്ട് ആൾജാമ്യത്തിനുപുറമെ ലക്ഷം രൂപ ജാമ്യത്തുകയായും ചിദംബരം കെട്ടിവെക്കണം. രാജ്യം വിടരുതെന്നും ചോദ്യംചെയ്യലിന് ഹാജരാവണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഇൗ കേസിലെ ജാമ്യം മറ്റു കേസുകളിലെ നടപടികളെ ബാധിക്കുന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചിദംബരം നാടുവിടുമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ഖണ്ഡിച്ചു. അദ്ദേഹം രാജ്യം വിടാനൊരുങ്ങാതെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി വിധിയെ സുപ്രീംകോടതി വിമർശിച്ചു. പ്രതി നാടുവിടാനിടയില്ലെന്നും തെളിവ് നശിപ്പിക്കുമെന്ന തോന്നലില്ലെന്നും ഡൽഹി ഹൈകോടതിതന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമെന്ന നിലയിൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞാണ് ഹൈകോടതി ജാമ്യം നിഷേധിച്ചത്. കേസിെൻറ വിശദാംശങ്ങളിലും കുറ്റകൃത്യത്തിെൻറ പ്രകൃതത്തിലും കേന്ദ്രീകരിച്ച ഡൽഹി ഹൈകോടതി ജാമ്യം അനുവദിക്കുന്നതിെൻറ തത്ത്വ്്ങ്ങൾ പരിഗണിച്ചില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഇത്രയുംനാളായി ഏതെങ്കിലും സാക്ഷിയെ ചിദംബരമോ അദ്ദേഹത്തിെൻറ ആളുകളോ സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണമുന്നയിച്ചിട്ടില്ല. ചിദംബരത്തെ റിമാൻഡ് ചെയ്യാൻ സമർപ്പിച്ച നിരവധി അപേക്ഷകളിൽ ചിദംബരവും മകനും ഏതെങ്കിലും സാക്ഷികളെ സമീപിച്ചതായി ഒരു പരാമർശവുമില്ല. എന്നാൽ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് സി.ബി.െഎ ഇത്തരമൊരു വാദമുയർത്തിയതെന്ന് സുപ്രീംകോടതി വിധി തുടർന്നു.
െഎ.എൻ.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി ചിദംബരം നേരിട്ടല്ലാതെ മകൻ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട കമ്പനി വഴി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ആഗസ്റ്റ് 21നാണ് ജോർബാഗിലെ വസതിയിൽ നിന്ന് സി.ബി.െഎ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അതിനുശേഷം തിഹാർ ജയിലിലിട്ട ചിദംബരത്തിനെതിരെ കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇ.ഡിക്ക് ചോദ്യംചെയ്യാനായി ചിദംബരത്തെ തിഹാർ ജയിലിൽനിന്ന് കസ്റ്റഡിയിലെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. ആ കസ്റ്റഡിക്കിടയിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.