ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോട് (സെബി) ഒക്ടോബർ 24ന് നടക്കുന്ന പ്രവർത്തന അവലോകന യോഗത്തിൽ ഹാജരാവാൻ നിർദേശിച്ച് പാർലമെൻറിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി).
പാർലമെന്റ് നിയമപ്രകാരം സ്ഥാപിതമായ നിയന്ത്രണ ഏജൻസികളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ചയെന്ന് ലോക്സഭ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. സെബിയും ട്രായിയും പാർലമെൻറ് നിയമപ്രകാരം സ്ഥാപിതമായ നിയന്ത്രണ സ്ഥാപനങ്ങളാണ്. സാധാരണയായി, പാർലമെൻറ് കമ്മിറ്റികൾ വിളിക്കുന്ന ഇത്തരം യോഗങ്ങളിൽ സ്ഥാപന മേധാവികൾ പങ്കെടുക്കാറുണ്ട്. എന്നാൽ, സെബി മേധാവി മാധബി ബുചിനെതിരായി സാമ്പത്തിക ക്രമക്കേടടക്കം ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ നടപടി നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. ധനമന്ത്രാലയ ഉദ്യോഗസ്ഥരോടും സമിതി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 29ന് നടന്ന യോഗത്തിലാണ് സെബി അധ്യക്ഷ മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ സമിതിയുടെ മുമ്പാകെ വന്നത്. വിവിധ ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തണമെന്ന ആവശ്യമാണ് പാർലമെന്ററി സമിതിയുടെ മുമ്പാകെ എത്തിയത്.
ഇതിനിടെ, സെബി മേധാവിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അതിൽ നടപടി വേണമെന്നും അംഗങ്ങളിൽ ചിലർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, സെബി മേധാവി മാധബി ബുച്ചിനെ വിളിച്ചുവരുത്താൻ സമിതി തീരുമാനിക്കുകയായിരുന്നു. കെ.സി. വേണുഗോപാലാണ് സമിതിയുടെ തലവൻ. എൻ.ഡി.എ, ഇൻഡ്യ സഖ്യ നേതാക്കളും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഭാഗമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും (ട്രായ്) സമിതി ഒക്ടോബർ 24ന് അവലോകനത്തിനായി വിളിച്ചിട്ടുണ്ട്.
നേരത്തെ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി നിക്ഷേപക ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് രംഗത്തെത്തിയിരുന്നു. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.