ന്യൂയോർക്: നിരപരാധികളുടെ രക്തം ചിന്തുന്നതിൽ മടി കാണിക്കാത്ത പാകിസ്താൻ ഭീകരതയെ മഹത്ത്വവത്കരിക്കുന്ന രാജ്യമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അൽഖാഇദ തലവനായ ഉസാമ ബിൻലാദിന് അഭയം നൽകിയ രാജ്യമായിരുന്നു പാകിസ്താനെന്നും യു.എൻ പൊതുസഭയുടെ 73ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സുഷമ പറഞ്ഞു.
‘‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരത ഏറെ അകലെയുള്ള ഒന്നല്ല, അതിർത്തി കടന്നുവരുന്നതാണ്. അയൽരാജ്യം ഭീകരതക്ക് വളംവെക്കുക മാത്രമല്ല ചെയ്യുന്നത്. കപടമായ വാക്കുകൾകൊണ്ട് അതിനെ മൂടിവെക്കാൻ കഴിയുന്ന രാജ്യമാണത്. ചർച്ചകൾ അട്ടിമറിക്കുന്നത് ഞങ്ങളാണ് എന്നാണ് അവർ പറയുന്നത്. അത് തീർത്തും തെറ്റാണ്. പാകിസ്താനുമായി ചർച്ചകൾ പലവട്ടം തുടങ്ങിയതാണ്. അവ നിന്നുപോയിട്ടുണ്ടെങ്കിൽ അത് അവരുടെ കാരണംകൊണ്ടാണ്’’ -സുഷമ പറഞ്ഞു.
‘‘അമേരിക്ക ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ച ഉസാമ ബിൻലാദിന് അവരുടെ സുഹൃദ്രാജ്യമായ പാകിസ്താനിൽതന്നെ അഭയം ലഭിച്ചതെങ്ങനെയാണ്. നിരപരാധികളുടെ രക്തം ചിന്തുന്നതിൽ മടി കാണിക്കാത്ത പാകിസ്താൻ ഭീകരതയെ മഹത്ത്വവത്കരിക്കുന്ന രാജ്യമാണ്’’ -സുഷമ അഭിപ്രായപ്പെട്ടു.
ഭീകരതക്കൊപ്പം കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണെന്നും സുഷമ പറഞ്ഞു. ഇതിനെ നേരിടാൻ വികസിത രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ സാമ്പത്തികമായും സാേങ്കതികമായും സഹായിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വനിതകളും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുമടക്കം എല്ലാ വിഭാഗക്കാരുടെയും ഉന്നമനത്തിനായി വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.