ശ്രീനഗർ: വടക്കൻ കശ്മീരിലെ ഉറി മേഖലയിൽ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ തീവ്രവാദികൾ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന. പ്രദേശത്ത് രഹസ്യാന്വേഷണ വിഭാഗം സ്ഥാപിച്ച സി.സി.ടിവി കാമറയിലാണ് ഭീകരരുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്.
വ്യാഴാഴ്ചയാണ് ബാരമുള്ള ജില്ലയിലെ കമാൽക്കോട്ടിൽ മദിയൻ നാനാക് സൈനിക പോസ്റ്റിന് സമീപം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നുഴഞ്ഞുകയറ്റക്കാരുമായി നടന്ന ഏറ്റുമുട്ടലിൽ സേന മൂന്ന് തീവ്രവാദികളെ വധിച്ചു. ഭീകരരുടെ കൈവശം വലിയ തോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നുവെന്ന് സൈനിക വക്താവ് കേണൽ എംറോൺ മുസാവി അറിയിച്ചു.
കഴിഞ്ഞ 72 മണിക്കൂറിനിടെ ഭീകരർ നടത്തുന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റശ്രമമാണ് ഉറിയിലേത്. കഴിഞ്ഞ ദിവസം ജമ്മുവിലെ റജൗരിയിലും പന്നൻവാലയിലും ഭീകരർ നടത്തിയ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സേന തകർത്തിരുന്നു. റജൗരിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ പരിക്കുകളോടെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.