കൊൽക്കത്ത: മയക്കുമരുന്ന് കേസിൽ യുവമോർച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമി അറസ്റ്റിലായ സംഭവത്തിൽ വഴിത്തിരിവ്. തന്നെ കുടുക്കിയത് ബി.ജെ.പി നേതാവ് രാകേഷ് സിങാണെന്നാണ് പമേലയുടെ വാദം. ഇതിന്‍റെ അടിസ്ഥാനത്തിൽ രാകേഷ് സിങിനേയും പൊലീസ് അറസ്റ്റ്ചെയ്തു. ബി.ജെ.പിയുടെ സംസ്ഥാനസമിതി അംഗമാണ് രാകേഷ് സിങ്. പമേല ഗോസ്വാമിയാകട്ടെ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും.
രാകേഷ് സിങിന് അടുത്ത ബന്ധമുള്ള മറ്റൊരു മുതിർന്ന ബി.ജെ.പി നേതാവും ഗൂഢാലോചനയിൽ ഭാഗമാണെന്നും പമേല കൊൽക്കത്ത െപാലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സി.ഐ.ഡി അന്വേഷണം വേണമെന്നും പമേല ആവശ്യപ്പെട്ടു. പമേല ഗോസ്വാമി മയക്കുമരുന്നുമായി കൊൽക്കത്തയിലാണ് അറസ്റ്റിലായത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പമേലയുടെ കൈവശം 100 ഗ്രാം കൊക്കൈയിനാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കാറിലെ സീറ്റിനടിയിൽ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
10ലക്ഷത്തോളം വിലവരുന്ന മയക്കമരുന്നാണ് ഗോസ്വാമിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് യുവമോർച്ച നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ സുഹൃത്ത് പ്രോബിർ കുമാർ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിരുന്നു. പമേല മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കൊൽക്കത്തയിലെ അലിപോര ഏരിയയിൽ എൻ.ആർ അവന്യുവിന് സമീപമായിരുന്നു കാർ തടഞ്ഞ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.