ഭുവനേശ്വർ: സന്തത സഹചാരിയായ വി.കെ. പാണ്ഡ്യൻ പിൻഗാമിയല്ലെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. പാർട്ടിയോ സർക്കാരോ പാണ്ഡ്യനെ പിൻഗാമിയായി നിശ്ചയിച്ചിട്ടില്ലെന്നും അഞ്ചുവർഷം കൂടി സംസ്ഥാനം ഭരിക്കാനുള്ള ആരോഗ്യം തനിക്കുണ്ടെന്നും പട്നായിക് വ്യക്തമാക്കി.
''പിൻഗാമിയെ തീരുമാനിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളാണ്. അതാണ് എല്ലാത്തിന്റെയും സ്വാഭാവിക പരിണിത ഫലം. പാണ്ഡ്യൻ എന്റെ പിൻഗാമിയല്ല. പട്നായിക്കിന് പകരം പാണ്ഡ്യനെത്തുമെന്നത് പ്രതിപക്ഷത്തിന്റെ അവകാശവാദം മാത്രമാണ്. അത് തെറ്റിദ്ധരിപ്പിക്കുന്നതും അതിശയോക്തി കലർന്നതുമാണ്.''-എ.എൻ.ഐക്കു നൽകിയ അഭിമുഖത്തിൽ നവീൻ പട്നായിക് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. അതിനിടയിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു നവീൻ പട്നായിക്കിന്റെ ആരോഗ്യവും തമിഴ് വംശജനായ പാണ്ഡ്യൻ എന്ന ബ്യൂറോക്രാറ്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പട്നായിക്കിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാണ്ഡ്യൻ ആണ് മുഖ്യമന്ത്രിക്ക് പകരം തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രചാരണമുണ്ടായി. പൊതുപരിപാടിക്കിടെ പട്നായിക്കിന്റെ കൈകൾ വിറക്കുന്നതായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. പാണ്ഡ്യൻ മുഖ്യമന്ത്രിയുടെ കൈ പിടിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോ പ്രചരിച്ചതിന്റെ തൊട്ടടുത്ത ദിവസം, ബി.ജെ.പി സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ നവീൻ പട്നായിക്കിന്റെ ആരോഗ്യം വഷളായതിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമീഷനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെയാണ് പട്നായിക് ഇക്കാര്യത്തിൽ വിശദീകരണവുമായി വന്നത്.
തനിക്ക് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും എല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. ''ഇപ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. കടുത്ത ചൂടിലും കഴിഞ്ഞ മാസം ഞാൻ പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നു. കൈ വിറക്കുന്നത് ഒരു ആരോഗ്യപ്രശ്നമല്ല. അത് പ്രതിപക്ഷവും മറ്റൊരു ബി.ജെ.പി മുഖ്യമന്ത്രിയും പ്രചരിപ്പിക്കുന്നതാണ്.''-അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സൂചിപ്പിച്ചായിരുന്നു പട്നായിക്കിന്റെ മറുപടി.
ഇക്കുറി രണ്ട് നിയമസഭ മണ്ഡലങ്ങളിൽ പട്നായിക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കി തുടങ്ങിയത്. മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഒന്ന് പാണ്ഡ്യന് നൽകുമെന്നായിരുന്നു ഒരു പ്രചാരണം. നാലുമാസം മുമ്പാണ് ഉദ്യോഗസ്ഥ പദവിയിൽ നിന്ന് വിരമിച്ച പാണ്ഡ്യൻ ബി.ജെ.ഡിയിൽ ചേർന്നത്. ജൂൺ ഒന്നിനാണ് ഒഡിഷയിൽ അവസാനഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ആറ് ലോക്സഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. അതോടൊപ്പം 42 നിയമസഭ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.