വാഷിങ്ടൺ: ഭരണാധികാരികളും അതിസമ്പന്നരും കായികതാരങ്ങളുമുൾപ്പെടെയുള്ളവരുടെ രഹസ്യ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് 'പണ്ടോറ പേപ്പേഴ്സ്'. വാഷിങ്ടൺ കേന്ദ്രമായുള്ള അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ സംഘത്തിെൻറ (ഐ.സി.ഐ.ജെ) നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് 'പണ്ടോറ പേപ്പേഴ്സ്' വിവരങ്ങൾ ചോർത്തിയത്.
ഇന്ത്യയിൽനിന്ന് ക്രിക്കറ്റ് താരമ സചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. വ്യവസായി അനിൽ അംബാനി, സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി, വ്യവസായി കിരൺ മജുംദാർ ഷാ എന്നിവരുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകളും ചോർത്തിയിട്ടുണ്ട്. പാപ്പരാണെന്ന് കോടതിയെ അറിയിച്ച അനിൽ അംബാനി നികുതി വെട്ടിപ്പിനായി വിദേശത്ത് 18 കമ്പനികൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഐ.സി.ഐ.ജെ കണ്ടെത്തിയത്.
ജോർഡൻ രാജാവ് അബ്ദുല്ല, ചെക് പ്രധാനമന്ത്രി ആന്ദ്രെ ബാബിസ്, കെനിയൻ പ്രസിഡൻറ് ഉഹുറു കെനിയാത്ത, പാകിസ്താൻ മന്ത്രിസഭാംഗങ്ങൾ, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ 'അനൗദ്യോഗിക' പ്രചാരണ വിഭാഗം മേധാവി കോൺസ്റ്റൻറിൻ ഏണസ്റ്റ് തുടങ്ങിയവരുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്.
ഇന്ത്യയിൽ ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഐ.സി.ഐ.ജെയുടെ അന്വേഷണ പങ്കാളി. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് െഎ.സി.ഐ.ജെ അറിയിച്ചു. നികുതി വെട്ടിച്ച് നിക്ഷേപിക്കാൻ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച 1.2 കോടി രേഖകൾ ഒരു വർഷമെടുത്ത് പരിശോധിച്ചാണ് 'പണ്ടോറ പേപ്പേഴ്സ്' വിവരങ്ങൾ പുറത്തുവിട്ടത്. രഹസ്യ നിക്ഷേപങ്ങൾ സംബന്ധിച്ച് ഐ.സി.ഐ.ജെ. 2016 ൽ 'പാനമ രേഖകൾ' എന്ന പേരിലും വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.