ഗുജറാത്തിൽ 400 പേർ മരിച്ച ഗവ. ആശുപത്രിയെ കുറിച്ച്​ അന്വേഷിക്കണം -ഹൈകോടതി

അഹ്​മദാബാദ്​: 400 ഓളം കോവിഡ് രോഗികൾ മരിച്ച അഹ്​മദാബാദിലെ ഗവ. സിവിൽ ആശുപത്രിയിലെ സ്ഥിതിഗതികൾ അന്വേഷണവിധേയമാക്കണമെന്ന്​ ഗുജറാത്ത്​ ഹൈകോടതി. അന്വേഷണത്തിന്​ സ്വതന്ത്ര ഡോക്ടർമാരുടെ സമിതി രൂപവത്​കരിക്കാൻ സംസ്​ഥാന സർക്കാറിനോട്​ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സമിതിയിൽ സർക്കാർ ഉദ്യോഗസ്ഥരോ ആശുപത്രിയുമായി ബന്ധപ്പെട്ടവരോ ഉൾപ്പെടരു​െതന്നും ഉത്തരവിൽ വ്യക്​തമാക്കി.

ആശുപത്രിയുടെ മോശം നടത്തിപ്പിനെ കോടതി രൂക്ഷമായി വിമർശിച്ചു. കാര്യങ്ങൾ മനസ്സിലാക്കാൻ ജഡ്ജിമാർ മിന്നൽ സന്ദർശനം നടത്തുമെന്നും സൂചന നൽകി. “സിവിൽ ആശുപത്രി അധികൃതർ ഒരു സുപ്രഭാതത്തിൽ ഞങ്ങളുടെ സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുക. ഇത് എല്ലാ വിവാദങ്ങൾക്കും അറുതി വരുത്തും’’ -ജസ്റ്റിസ് ജെ.ബി. പാർദിവാല പറഞ്ഞു. 

ആശുപത്രിയിലെ പരിതാപകരമായ അവസ്​ഥ ചൂണ്ടിക്കാട്ടി ഒരു റസിഡൻറ്​ ഡോക്ടർ കോടതിക്ക്​ ഊമക്കത്ത്​ എഴുതിയിരുന്നു. ഈ കത്തിന്​ യാതൊരു പ്രാധാന്യവും നൽകരുതെന്ന സർക്കാർ വാദം ഡിവിഷൻ ബെഞ്ച് നിരസിച്ചു. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു വസ്തുതയും ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാറി​​െൻറ പക്ഷം. എന്നാൽ, അങ്ങനെ അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്ന്​ കോടതി അഭിപ്രായപ്പെട്ടു.
 
‘‘ആ അജ്ഞാത ഡോക്​ടർ ആരോപിച്ച കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും  കത്തി​​െൻറ ഉള്ളടക്കം വളരെ സൂക്ഷ്മമായി പരിശോധിക്കുമെന്നുമാണ്​ ഞങ്ങൾ പ്രതീക്ഷിച്ചത്​. പക്ഷേ, സംസ്ഥാന സർക്കാർ ഇത് ചവറ്റുകുട്ടയിൽ  തള്ളിക്കളഞ്ഞതായി തോന്നുന്നു” -കോടതി പറഞ്ഞു.

ചൊവ്വാഴ്ച 361 പുതിയ കോവിഡ്​ കേസുകളാണ്​ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്​. ഇതോ​ടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 14,829 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 27 പേർ മരണപ്പെട്ടു. മൊത്തം മരണസംഖ്യ 915 ആയി.

Tags:    
News Summary - Panel should probe Ahmedabad Civil Hospital conditions: Gujarat High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.