ജയലളിത മുഖ്യമന്ത്രിയായി തുടരും; വകുപ്പുകള്‍ പന്നീര്‍സെല്‍വത്തിന്

ചെന്നൈ: മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന് നല്‍കിയതായും വ്യക്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ ഉത്തരവിറക്കി. മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള ചുമതല പന്നീര്‍സെല്‍വത്തിന് നല്‍കി. മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറക്കുന്നതെന്നും ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു വ്യക്തമാക്കി.

ജയലളിത കൈകാര്യം ചെയ്തിരുന്ന പൊതുഭരണം, ആഭ്യന്തരം, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, പൊലീസ്, ജില്ലാ ഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പന്നീര്‍സെല്‍വത്തിന് കൈമാറിയത്. നിലവില്‍ ധനകാര്യമന്ത്രിയാണ് പന്നീര്‍സെല്‍വം. കോടതി ഇടപെടലുകളില്‍ മുമ്പ് രണ്ട് പ്രാവശ്യം ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ അന്നും വിശ്വസ്തവിധേയനായ ഒ. പന്നീര്‍സെല്‍വത്തെയാണ് മുഖ്യമന്ത്രിയാക്കിയത്. അതിനിടെ, ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തില്‍ തുടരുകയാണ്. ആരോഗ്യനില അനുസരിച്ച് ശ്വസന സഹായി ക്രമീകരിക്കുന്നുണ്ട്. അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്. ഫിസിയോതെറപ്പി തുടരുന്നുണ്ട്.

വിദേശ ഡോക്ടറും കിംസിലെ ഡോക്ടര്‍മാരും ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നു. ആശുപത്രി അധികൃതരില്‍നിന്ന് പുതിയ വാര്‍ത്താകുറിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. ജയലളിതയുടെ വ്യാജ ഒപ്പിട്ട് അണ്ണാ ഡി.എം.കെക്ക് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ നിയമിച്ച് സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ച് ശശികലാ പുഷ്പ എം.പി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

Tags:    
News Summary - Panneerselvam gets Chief Minister’s portfolios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.