ചെന്നൈ: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി 'അമ്മ' സ്മാരകമാക്കും. ഇതുസംബന്ധിച്ച ഉത്തരവ് കാവൽ മുഖ്യമന്ത്രി ഒ. പന്നീർശെൽവം വൈകാതെ പുറത്തിറക്കുമെന്നാണ് വിവരം. പോയസ് ഗാർഡനിലെ ജയയുടെ 'വേദനിലയം' എന്ന വസതി സംരക്ഷിത സ്മാരകമാക്കാനാണ് പന്നീർശെൽവം നീക്കം നടത്തുന്നത്.
കഴിഞ്ഞ 25 വർഷമായി തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാര കേന്ദ്രമായിരുന്നു ജയലളിതയുടെ പോയസ് ഗാർഡനിലെ 81ാം നമ്പർ വസതിയായ വേദനിലയം. ജയയോടൊപ്പം തോഴി ശശികലയും ഇവിടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ, ജയയുടെ മരണത്തിന് ശേഷം ശശികല പോയസ് ഗാർഡനിലെ വസതിയിലാണ് താമസത്തിന് ഉപയോഗിക്കുന്നത്.
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാകാനും മുഖ്യമന്ത്രിയാകാനുമുള്ള എല്ലാ നീക്കങ്ങളുടെയും കേന്ദ്രം പോയസ്ഗാർഡനായി മാറ്റിയിട്ടുണ്ട് ശശികല. ശശികലക്കെതിരായ നീക്കത്തിന്‍റെ ഭാഗം കൂടിയാണ് പന്നീർശെൽവത്തിന്‍റെ നടപടിയെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ജയലളിതയുടെ സ്വകാര്യ സ്വത്തായതിനാൽ ബംഗ്ലാവും ഭൂമിയും ഏറ്റെടുക്കുകയാണ് തമിഴ്നാട് സർക്കാർ ആദ്യം ചെയ്യേണ്ടത്. അതിന് ശേഷമെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ സാധിക്കൂ.
ജയയുടെ മരണത്തെ തുടർന്ന് 24,000 ചതുരശ്രഅടിയുള്ള ബംഗ്ലാവ് ഉൾപ്പെടുന്ന സ്വത്തിന്‍റെ അവകാശി ആരാണെന്ന ചോദ്യം അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രക്തബന്ധം വെച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ, ദീപയുടെ സഹോദരൻ ദീപക് എന്നിവർക്കാണ് സ്വത്തിൽ അവകാശമുള്ളത്. അതേസമയം, ജീവിച്ചിരുന്ന കാലത്ത് സ്വത്തുക്കൾ സംബന്ധിച്ച് വിൽപത്രം ജയ എഴുതിയിട്ടുണ്ടോ എന്ന വിവരം പുറത്തുവന്നിട്ടില്ല.
1967ൽ ജയയുടെ മാതാവ് സന്ധ്യ 1.32 ലക്ഷം രൂപക്കാണ് പേയസ് ഗാർഡനിലെ വസതി വാങ്ങിയത്. സിനിമ താരങ്ങളടക്കം പ്രമുഖർ താമസിക്കുന്ന പേയസ് ഗാർഡനിലെ ജയയുടെ ഭൂമിക്കും കെട്ടിടത്തിനും 90 കോടി രൂപ വിപണി വിലയാണ് റിയൽ എസ്റ്റേറ്റുകാർ നിശ്ചിക്കുന്നത്.
മുമ്പ് അണ്ണാ ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആറിന്‍റെ മരണ ശേഷം അദ്ദേഹം താമസിച്ചിരുന്ന ചെന്നൈ രാമപുരത്തെ വസതി സംബന്ധിച്ച അവകാശ തർക്കം വർഷങ്ങൾ നീണ്ടു നിന്നിരുന്നു. സ്വത്തുക്കൾ നോക്കി നടത്തുന്നതിനായി ഈയിടെയാണ് മദ്രാസ് ഹൈകോടതി അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.