പ്രാഗ്: ഖാലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യക്കാരൻ നിഖിൽ ഗുപ്തയെ യു.എസിന് കൈമാറാൻ ചെക്ക് റിപബ്ലിക് കോടതി ഉത്തരവ്. പ്രാഗ് ഹൈകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിഖിൽ ഗുപ്തക്കെതിരെ യു.എസ് പ്രോസിക്യൂട്ടേഴ്സ് കുറ്റം ചുമത്തിയിരുന്നു. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ചേർന്ന് യു.എസിൽവെച്ച് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2023 ജൂൺ 30നാണ് ഗുപ്തയെ പ്രാഗിൽ നിന്നും അറസ്റ്റ് ചെയ്തത്.
അതേസമയം, പന്നുവിനെ യു.എസിന് കൈമാറുന്നതിൽ അന്തിമ തീരുമാനമെടുക്കുക ചെക്ക് റിപബ്ലിക് നീതി ന്യായ വകുപ്പായിരിക്കും. വൈകാതെ ഇക്കാര്യത്തിൽ മന്ത്രി പവേൽ ബ്ലാസക് തീരുമാനമെടുക്കുമെന്ന് നീതിന്യായ വകുപ്പ് വക്താവ് അറിയിച്ചു.
കോടതി തീരുമാനത്തിൽ പിഴവുണ്ടെന്ന് നീതിന്യായ വകുപ്പ് മന്ത്രിക്ക് തോന്നുകയാണെങ്കിൽ സുപ്രീംകോടതി മുമ്പാകെ അപ്പീൽ സമർപ്പിക്കും. ഹൈകോടതിയുടെ വിധിപകർപ്പ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇത്തരത്തിൽ അപ്പീൽ സമർപ്പിക്കുമെന്നും നീതി ന്യായ വകുപ്പ് വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.