പനാജി: ഗോവ നിയമസഭയിൽ മുഖ്യമന്ത്രി മനോഹർ പരീകർ വിശ്വാസവോട്ട് നേടി. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ കൂടുതൽ അദ്ഭുതപ്പെടുത്തി 40 അംഗ സഭയിൽ 22 പേരുടെ പിന്തുണ നേടിയാണ് സർക്കാർ ശക്തി തെളിയിച്ചത്. സഭയിൽ കോൺഗ്രസ് ഒറ്റപ്പെട്ടു. സർക്കാർ രൂപവത്കരിക്കുന്നതിൽ പാർട്ടി നേതൃത്വം വീഴ്ചവരുത്തിയതിൽ പ്രതിഷേധിച്ച് വിശ്വാസവോട്ടിൽനിന്ന് വിട്ടുനിന്ന, മുൻ മുഖ്യമന്ത്രി പ്രതാപ് സിങ് റാണെയുടെ മകൻ വിശ്വജീത് റാണെ എം.എൽ.എ സ്ഥാനവും കോൺഗ്രസിലെ അംഗത്വവും രാജിവെച്ചു. ഇതോടെ സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 16 ആയി ചുരുങ്ങി. 2007ലെ ദിഗമ്പർ കാമത്ത് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന വിശ്വജീത് ആറോളം പേർ തന്നൊടൊപ്പം രാജിവെക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
13 അംഗങ്ങൾ മാത്രമുള്ള ബി.ജെ.പി മൂന്നു വീതം അംഗങ്ങളുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെയും ഗോവ ഫോർേവഡ് പാർട്ടിയുടെയും രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ നേരത്തേ ഉറപ്പിച്ചിരുന്നു. ഇവർ മന്ത്രിസഭയിൽ അംഗങ്ങളുമായി. വിശ്വാസവോട്ട് സമയത്ത് ശേഷിച്ച സ്വതന്ത്രൻ പ്രസാദ് ഗവങ്കറും എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാവോയും സർക്കാറിനെ പിന്തുണച്ചു. ഇതോടെ അംഗബലം 23 ആയി ഉയർന്നു. ബി.ജെ.പി എം.എൽ.എ ആയ സിദ്ധാർഥ് കുങ്കലിയങ്കറാണ് താൽക്കാലിക സ്പീക്കർ.
ബുധനാഴ്ച നിയമസഭ ചേരും. അന്ന് സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കും. ബി.െജ.പിയിലെ മൗവിൻ കൊടിഞ്ഞൊ സ്പീക്കറും രാജേഷ് പട്നെകർ ഡെപ്യൂട്ടി സ്പീക്കറുമായേക്കും. വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുമെന്നും പരീകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.