ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെയും പാർലമെന്റിനെയും കുറിച്ച് ലണ്ടനിൽ നടത്തിയ പരാമർശങ്ങൾക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യവുമായി മുതിർന്ന കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ ബി.ജെ.പിയും അദാനിക്കെതിരെ അന്വേഷണ ആവശ്യവുമായി 16 പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നതോടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി.
പാർലമെന്റിന്റെ ഒരു സഭയിലെ അംഗത്തെ കുറിച്ച് മറ്റേ സഭയിൽ ചർച്ച പാടില്ലെന്ന സഭാ ചട്ടം സഭാനേതാവുതന്നെ ലംഘിച്ച് രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ അനുവദിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തു. ആപ്പും ബി.ആർ.എസും ഇടതുപാർട്ടികളും കോൺഗ്രസിനൊപ്പം ചേർന്ന പ്രതിഷേധത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് വേറിട്ടുനിന്നത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
രാവിലെ ലോക്സഭ ചേർന്നപ്പോൾ ബി.ജെ.പി അംഗങ്ങൾ ‘രാഹുൽ ഗാന്ധി മാപ്പു പറയൂ’ എന്ന് മുദ്രാവാക്യം വിളിച്ചു തുടങ്ങിയതിന് പിന്നാലെ സ്പീക്കർ ഓം ബിർള കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ വിഷയമുന്നയിക്കാൻ വിളിക്കുകയായിരുന്നു. ഈ സഭയിലെ അംഗമായ രാഹുൽ ഗാന്ധി ലണ്ടനിൽ പോയി ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് രാജ്നാഥ് സിങ് ആരോപിച്ചു. ഇന്ത്യയിൽ ജനാധിപത്യം തകർന്നതിനാൽ വിദേശ ശക്തികൾ വന്ന് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടുവെന്നും സഭ ഒന്നടങ്കം ഇതിനെ അപലപിക്കണമെന്നും രാഹുലിനെ സഭാസമിതിക്ക് മുമ്പാകെ വിളിച്ചുവരുത്തി മാപ്പുപറയിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ഇതോടെ മോദി -അദാനി ഭായി ഭായി വിളികളുമായി പ്രതിപക്ഷം സഭാനടുത്തളത്തിലിറങ്ങി.
രാഹുലിന് സംസാരിക്കാൻ പൂർണ അവസരം നൽകിയിട്ടും ലോക്സഭാ സ്പീക്കർക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചതെന്നും നാണമുണ്ടെങ്കിൽ രാഹുൽ സഭയിൽ വന്ന് മാപ്പുപറയണമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയും പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിച്ചപ്പോൾ ആരായിരുന്നു രാജ്യം ഭരിച്ചിരുന്നതെന്നും ജോഷി ചോദിച്ചു. ഇതിനിടയിൽ തങ്ങളെ സംസാരിക്കാൻ അനുവദിക്കാത്തത് കോൺഗ്രസ് എം.പിമാർ ചോദ്യം ചെയ്തു.
എന്നാൽ, ഇന്ത്യൻ ജനാധിപത്യം ശക്തമാണെന്നും സീറ്റിലേക്ക് മടങ്ങിയാൽ പ്രതിപക്ഷത്തിനും സംസാരിക്കാൻ അവസരം നൽകുമെന്നും പറഞ്ഞ ഓം ബിർള ബഹളം തുടർന്നതോടെ സഭ രണ്ടു മണിവരെ നിർത്തിവെച്ചു.
രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ മുദ്രാവാക്യം വിളികൾക്കിടയിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ തുടർച്ചയായി രണ്ടുതവണ വിഷയം ഉന്നയിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ വിളിച്ചു. ഇതിൽ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ പ്രതിപക്ഷ നേതാവിനും താൻ അവസരം നൽകുമെന്ന് ധൻഖർ പറഞ്ഞു. ലോക്സഭാ അംഗത്തെ കുറിച്ച് രാജ്യസഭയിൽ പരാമർശിക്കുന്നത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ക്രമപ്രശ്നം ഉന്നയിച്ചു. മുമ്പ് ഈ വിഷയത്തിൽ രാജ്യസഭ നൽകിയ റൂളിങ്ങും ഖാർഗെ വായിച്ചുകേൾപ്പിച്ചു. എന്നാൽ, ഖാർഗെ സംസാരം മുഴുമിക്കും മുമ്പേ അംഗങ്ങളുടെ ബഹളത്തിനിടയിൽ ചെയർമാൻ സഭ നിർത്തിവെച്ചു.
ഉച്ചക്ക് രണ്ടു മണിക്ക് ഇരുസഭകളും വീണ്ടും ചേർന്നപ്പോൾ ‘രാഹുൽ ഗാന്ധി മാപ്പു പറയൂ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി അംഗങ്ങൾ എഴുന്നേറ്റതോടെ ‘മോദി-അദാനി ഭായി ഭായി’ വിളികളുമായി പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലിറങ്ങി. അതോടെ സഭകൾ ചൊവ്വാഴ്ചത്തേക്ക് പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.