ന്യൂഡൽഹി: പുതിയ പാർലമെന്റിൽ ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലിക്കെതിരെ മുസ്ലിംവിരുദ്ധ വിദ്വേഷപ്രസംഗം നടത്തിയ രമേശ് ബിധുരിക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സംഭവസമയത്ത് ലോക്സഭ നിയന്ത്രിച്ച ചെയർപേഴ്സൻ കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകി. വാക്കുപിഴക്കും നാക്കുപിഴക്കും മുഖ്യ പ്രതിപക്ഷകക്ഷി നേതാവ് അടക്കമുള്ള പ്രതിപക്ഷ എം.പിമാരെ സഭാചട്ടം ലംഘിച്ചുവെന്നാരോപിച്ച് നേരത്തേ സസ്പെൻഡ് ചെയ്തിട്ടുള്ള സ്പീക്കർ ഓം ബിർളക്കുമേൽ ബി.ജെ.പി നേതാവിനെതിരായ നടപടിക്ക് സമ്മർദമേറ്റുന്നതാണ് കൊടിക്കുന്നിൽ സുരേഷ് നൽകിയ കത്ത്. ചെയർപേഴ്സനായ കൊടിക്കുന്നിലിനു പുറമെ കൂടുതൽ എം.പിമാർ ബി.ജെ.പി എം.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി വനിത എം.പിമാർ ബിധുരിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകുകയും ചെയ്തതോടെ ബിധുരിയുടെ നില പരുങ്ങലിലായി.
സ്പീക്കറുടെ അസാന്നിധ്യത്തിൽ ലോക്സഭ നിയന്ത്രിക്കാൻ ഉത്തരവാദിത്തം ലോക്സഭ ചെയർപേഴ്സന്മാർക്കാണ്. ലോക്സഭയുടെ ഒമ്പത് ചെയർപേഴ്സനമാരിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരിൽ ഒരാളാണ് കൊടിക്കുന്നിൽ സുരേഷ്. എൻ.കെ. പ്രേമചന്ദ്രനാണ് മറ്റൊരാൾ. സംഭവസമയത്ത് ചെയർപേഴ്സനായി ഇരുന്ന കൊടിക്കുന്നിൽ, വംശീയാധിക്ഷേപം നടത്തിയിട്ടും ബിധുരി പ്രസംഗം തുടരുന്നത് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനത്തിനിടയിലാണ് കടുത്ത നടപടി ആവശ്യപ്പെട്ട് ശനിയാഴ്ച കത്ത് നൽകിയത്. ലോക്സഭയിലെ പരിഭാഷ സംവിധാനം പ്രവർത്തിക്കാതിരുന്നതുമൂലം വിദ്വേഷ പ്രസംഗത്തിലെ വംശീയാധിക്ഷേപ പരാമർശങ്ങൾ തനിക്ക് കൃത്യമായി കേൾക്കാനായില്ല എന്ന് വിമർശനത്തിന് കൊടിക്കുന്നിൽ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, വനിത എം.പിമാരും ബി.ജെ.പി എം.പിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വനിത അംഗങ്ങൾ അടക്കമുള്ള പ്രതിപക്ഷ എം.പിമാരെ നിരന്തരം ഭർത്സിക്കാറുള്ള ബിധുരിയുമായി ഏറ്റവുമൊടുവിൽ വനിത ബിൽ അവതരണവേളയിൽ കനിമൊഴിയും സുപ്രിയ സുലെയും ഉടക്കിയിരുന്നു. ലോക്സഭയിലെ സ്ഥിരം കുറ്റവാളിയാണ് ബിധുരിയെന്ന് വ്യക്തമാക്കി സ്പീക്കർക്ക് കത്തെഴുതിയിട്ടുണ്ടെന്നും തൃണമൂൽ എം.പിയുമായി ചേർന്ന് അവകാശ ലംഘന നോട്ടീസ് നൽകുന്ന കാര്യം അതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എൻ.സി.പി നേതാവ് സുപ്രിയ സുലെ പറഞ്ഞു. തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈകൾ കച്ചി(വി.സി.ആർ) എം.പി തോൽ തിരുമാവളവനും ഡി.എം.കെ നേതാവ് കനിമൊഴിയും ചട്ടം 227 പ്രകാരം സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി. നടപടിയെടുക്കാതെ വിഷയം അവസാനിപ്പിക്കാൻ ഇൻഡ്യ സഖ്യം അനുവദിക്കില്ലെന്ന് സഖ്യത്തിന്റെ ഏകോപന സമിതി അംഗം കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിധുരിയുടെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞ ബി.ജെ.പി വാഗ്വാദത്തിലേർപ്പെട്ട ഡാനിഷ് അലിക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ബിധുരിയുടെ പരാമർശങ്ങൾ സഭ്യതയുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും ആ പദപ്രയോഗങ്ങളെ എത്ര നിന്ദിച്ചാലും മതിയാകില്ലെന്നും ലോക്സഭ എം.പിയും ബി.ജെ.പി നേതാവുമായ നിഷികാന്ത് ദുബെ വ്യക്തമാക്കി. അതോടൊപ്പം ഡാനിഷിനെതിരെയും നടപടി വേണമെന്ന് ദുബെ സ്പീക്കർക്ക് കത്തെഴുതി. പ്രതിപക്ഷ ആവശ്യത്തിൽ ഏകപക്ഷീയമായ നടപടി പാടില്ലെന്ന് കത്തിൽ ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലെ തീവ്ര ഹിന്ദുത്വ പ്രഫൈലുകൾ രമേശ് ബിധുരിക്ക് ഐക്യദാർഢ്യവുമായി കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.