ന്യൂഡൽഹി: പെഗസസ് ചാരവൃത്തി വിഷയത്തിൽ പാർലമെൻറിൽ ചർച്ച പറ്റില്ലെന്ന കടുംപിടിത്തത്തിനൊടുവിൽ നിശ്ചയിച്ചതിനേക്കാൾ രണ്ടു ദിവസം മുേമ്പ പാർലമെൻറ് സമ്മേളനം സർക്കാർ അവസാനിപ്പിച്ചു. 17 ദിവസത്തിനിടയിൽ 21 മണിക്കൂർ മാത്രം സമ്മേളിച്ച ലോക്സഭ, ചർച്ച കൂടാതെ പാസാക്കിയത് ഇൻഷുറൻസ് നിയമഭേദഗതി അടക്കം 20 ബില്ലുകൾ.
രാജ്യസഭയിൽ കടുത്ത പ്രതിഷേധത്തിനും പ്രതിപക്ഷാംഗങ്ങളുടെ സസ്പെൻഷനും ഇടയാക്കിയ ഏറ്റുമുട്ടലാണ് നടന്നത്. ഇരുസഭകളിലും പ്രതിപക്ഷം തുടർച്ചയായി നടുത്തള പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിൽ പെഗസസ് വിഷയത്തിനൊപ്പം കോവിഡ് മഹാമാരി, വിലക്കയറ്റം, ഇന്ധന വില, കർഷക സമരം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലും ചർച്ച നടന്നില്ല. പ്രതിപക്ഷ പ്രതിഷേധം മുതലാക്കുന്ന വിധം പല ബില്ലുകളും അനായാസം പാസാക്കുകയായിരുന്നു സർക്കാർ.
ഒ.ബി.സി പട്ടിക സ്വന്തംനിലക്ക് തയാറാക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം പുനഃസ്ഥാപിക്കുന്നതിന് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി മാത്രമാണ് ഇതിനിടയിൽ പ്രതിപക്ഷ സഹകരണത്തോടെ പാസാക്കിയ ഏക ബിൽ. സമ്മേളനം വെട്ടിച്ചുരുക്കുന്നത് ഗുണകരമല്ലെന്നും, ജനകീയ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷത്തെ ജനപ്രതിനിധികളെ സർക്കാർ അനുവദിച്ചില്ലെന്നും ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
സുപ്രധാന വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിക്കാതെ, തെറ്റും ശരിയും തീരുമാനിക്കാൻ സർക്കാറിനാണ് അധികാരമെന്ന മട്ടിലാണ് പെരുമാറിയത്. വെള്ളിയാഴ്ചവരെ പാർലമെൻറ് സേമ്മളനം നിശ്ചയിച്ച സർക്കാർതന്നെ രണ്ടു ദിവസം നേരത്തെ അവസാനിപ്പിച്ചു. സഭ നടത്താൻ സർക്കാറിന് താൽപര്യമുണ്ടായിരുന്നില്ലെന്നും അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.