ന്യൂഡൽഹി: പാർലമെന്‍റ് അതിക്രമത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും എന്നാൽ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾ കൊണ്ടുണ്ടായ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്ക് മുമ്പാകെ ഈ വിഷയമുന്നയിച്ച രാഹുൽ ഗാന്ധി സാമൂഹിക മാധ്യമമായ ‘എക്സി’ലും ഇതാവർത്തിച്ചു.
എവിടെയാണ് തൊഴിലുകളെന്ന് രാഹുൽ ചോദിച്ചു. യുവാക്കൾ ഗതികെട്ട നിലയിലാണ്. യഥാർഥ പ്രശ്നത്തിലേക്ക് ശദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. യുവാക്കൾക്ക് തൊഴിൽ നൽകണം. തീർച്ചയായും സുരക്ഷാ വീഴ്ച ഇതിലുണ്ടായിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലുള്ള കാരണം രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബി.ജെ.പി രംഗത്തുവരികയും ചെയ്തു. ഇന്ത്യയിൽ കേവലം 3.2 ശതമാനം മാത്രമാണ് തൊഴിലില്ലായ്മയെന്നും കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയാണ് ഇതെന്നും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ‘എക്സി’ൽ രാഹുലിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.