ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം ബുധനാഴ്ച തുടങ്ങും. ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നോട്ടുപ്രശ്നം സര്‍ക്കാറിനു മുന്നില്‍ കടുത്ത പ്രതിസന്ധിയായി നിലനിൽക്കുന്നതിനാൽ ആദ്യദിവസം തന്നെ പാര്‍ലമെന്‍റില്‍ നടപടികള്‍ തടസ്സപ്പെടും. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച നീക്കത്തിലാണ്. മോദി കഴിഞ്ഞ ദിവസം നടത്തിയ വൈകാരിക പ്രസംഗത്തിന് വലിയ സ്വീകാര്യത കിട്ടിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, മറ്റ് ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവ പാര്‍ലമെന്‍റില്‍ ഒന്നിച്ചുനിന്ന് സര്‍ക്കാറിനെ നേരിടാനാണ് ഒരുങ്ങുന്നത്. പ്രതിപക്ഷസംഘം യോജിച്ച് രാഷ്ട്രപതിയെ കാണാനുള്ള നീക്കം നടത്തുന്നുണ്ട്.
സമാധാനപരമായ അന്തരീക്ഷം സഭയില്‍ ഉറപ്പുവരുത്താന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ച യോഗത്തില്‍ ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണ നടപടി പൂര്‍ത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. ആദ്യ ദിവസം തന്നെ കറന്‍സി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും മറ്റും നോട്ടീസ് നല്‍കിയിരിക്കേ, സഭ സമാധാനപരമായിരിക്കുമെന്ന ഒരു ഉറപ്പും സര്‍ക്കാറിന് ലഭിച്ചില്ല.
കള്ളപ്പണത്തിന്‍െറ പേരു പറഞ്ഞ സര്‍ക്കാര്‍ മുന്തിയ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതുമൂലം സാധാരണക്കാരാണ് വിഷമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. വിഷയം പരിഹരിക്കാതെ പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും രാജ്യത്തെ അപഹസിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സാമ്പത്തിക അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. നോട്ടുലഭ്യത ഉറപ്പുവരുത്തുന്നതു വരെ 500, 1000 രൂപ നോട്ടുകള്‍ക്ക് സാധുത തുടര്‍ന്നും നല്‍കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
മോദിസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശം നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ഈ വിഷയത്തില്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ വരെ തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മോദിസര്‍ക്കാറിനെ നേരിടുമ്പോള്‍ തന്നെ, മമതയുമായി തുടര്‍ന്നും അകലം പാലിക്കേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസിന്‍െറ കാഴ്ചപ്പാട്. പാര്‍ലമെന്‍റിലെ സഹകരണം ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സ്പീക്കര്‍ വിളിച്ച യോഗത്തിനു മുമ്പായിരുന്നു കൂടിക്കാഴ്ച. നേരത്തേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
മോദിക്ക് ജനപിന്തുണ നഷ്ടമായെന്നും അദ്ദേഹം തിങ്കളാഴ്ച പങ്കെടുത്ത ഗാസിപ്പുര്‍ സമ്മേളനത്തില്‍ അതു വ്യക്തമായെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. ആളുകള്‍ തീരെ കുറവായിരുന്നു. മോദിയുടെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ബിഹാറില്‍ നിന്നും മറ്റും ടിക്കറ്റ് എടുപ്പിക്കാതെ ആളെ ഇറക്കിയിട്ടും ഇതായിരുന്നു സ്ഥിതിയെന്നും മായാവതി കുറ്റപ്പെടുത്തി.
യു.പി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവും മോദിയെ വിമര്‍ശിച്ചു. ഏതാനും ദിവസത്തിനകം കാര്യങ്ങള്‍ ശരിയാകുമെന്നാണ് പ്രധാനമന്ത്രി ആദ്യം പറഞ്ഞതെങ്കിലും ഇപ്പോള്‍ 50 ദിവസം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.