ന്യൂഡൽഹി: മൂന്ന് നിർദ്ദിഷ്ട ക്രിമിനൽ നിയമങ്ങൾക്ക് നൽകിയ ഹിന്ദി പേരുകൾ ഭരണഘടനാ വിരുദ്ധമല്ലെന്ന് പാർലമെന്ററി പാനൽ റിപ്പോർട്ട്. ബി.ജെ.പി എം.പി ബ്രിജ്‌ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഭരണഘടനയുടെ 348-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. സുപ്രീം കോടതിയിലും ഹൈകോടതികളിലും നിയമങ്ങൾക്കും ബില്ലുകൾക്കും ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷാണെന്നാണ് 348-ാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നത്. നിയമങ്ങൾക്ക് നിർദേശിച്ച ഹിന്ദി പേരുകൾ ഇംഗ്ലീഷിൽ എഴുതുന്നത് ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിന് വിരുദ്ധമല്ല. ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടിയിൽ കമ്മിറ്റി തൃപ്തരാണെന്നും നിർദ്ദിഷ്ട പേരുകൾ നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയുടെ പേരുകളാണ് ഹിന്ദിയിലാക്കണമെന്ന നിർദേശം ഉയർന്നത്. മഴക്കാല സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യം പാർലമെന്‍റിൽവെച്ചത്. ഭാരതീയ ന്യായസംഹിത, നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിങ്ങനെയാണ് മാറ്റം വരുത്തിയ പേരുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.