ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവചിക്കാനും കൂടുതൽ അധികാരം നൽകാനും നിയമ ഭേദഗതിയോ പുതിയ നിയമമോ കൊണ്ടുവരുന്നത് സംബന്ധിച്ച് പാർലമെൻററി സമിതി സി.ബി.െഎയുടെ അഭിപ്രായം തേടി. ഒഴിവുള്ള 1000ലധികം തസ്തികകൾ എപ്പോൾ എങ്ങനെ നികത്തുമെന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കാനും സി.ബി.െഎയോട് ആവശ്യപ്പെട്ടു.
നിരീക്ഷണശേഷി ശക്തമാക്കാനും കേന്ദ്രീകൃത നിരീക്ഷണ ഡേറ്റാബേസ് രൂപവത്കരിക്കാനും കേന്ദ്ര വിജിലൻസ് കമീഷന് സർക്കാർ ഫണ്ട് നൽകുമെന്നും ഡിസംബർ 10ന് പാർലമെൻറിൽ സമർപ്പിച്ച റിപ്പോർട്ടിൽ സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.
സംസ്ഥാനങ്ങളുടെ പൊതുസമ്മതം പിൻവലിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന സി.ബി.ഐയുടെ കാഴ്ചപ്പാട് അംഗീകരിച്ച്, വ്യക്തമായ നിർവചനത്തിന് നിയമഭേദഗതിയോ പുതിയ നിയമം കൊണ്ടുവരുകയോ ചെയ്യേണ്ടതുണ്ടോയെന്ന് വിലയിരുത്താൻ സമിതി മുൻ റിപ്പോർട്ടിൽ സർക്കാറിന് ശിപാർശ നൽകിയിരുന്നു.
സിബി.ഐയുടെ എല്ലാ റാങ്കുകളിലും കൂടി അംഗീകൃത ഉദ്യോഗസ്ഥശേഷി 7273 ആണെന്നും പല അവസരങ്ങളിലും അംഗബലം വർധിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, സമഗ്രമായ പുനഃസംഘടന ഇതുവരെ നടന്നിട്ടില്ലെന്നും പേഴ്സണൽ മന്ത്രാലയം നടപടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവിധ റാങ്കുകളിലായി 734 അധിക തസ്തികകൾ സൃഷ്ടിക്കാൻ സി.ബി.െഎയുമായി കൂടിയാലോചിച്ചുള്ള ശിപാർശ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
2021 ജനുവരി 31വരെ എക്സിക്യൂട്ടിവ് റാങ്കിൽ 822, ലോ ഓഫിസറുടെ 88, ടെക്നിക്കൽ ഓഫിസറുടെ 97 ഒഴിവുകളുമുണ്ടെന്ന് സി.ബി.ഐ അറിയിച്ചതായി സമിതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.