ന്യൂഡൽഹി: നിയമനിർമാണ സഭകളിലെ പ്രവൃത്തിക്ക് ജനപ്രതിനിധികൾ കൈക്കൂലി വാങ്ങിയാലും കുറ്റകരമാകില്ലെന്ന 1998ലെ നരസിംഹറാവു കേസിലെ ഭൂരിപക്ഷ വിധി പുനഃപരിശോധിച്ച സുപ്രീംകോടതി വിധി പറയാനായി മാറ്റി. ബുധനാഴ്ചയും വ്യാഴാഴ്ചയും തുടർച്ചയായി രണ്ടു ദിവസം വാദം കേട്ടാണ് നിയമനിർമാണ സഭകളിൽ വോട്ടിനും പ്രസംഗത്തിനും കൈക്കൂലി വാങ്ങിയാലും ഇന്ത്യൻ ഭരണഘടന എം.പിമാർക്കും എം.എൽ.എമാർക്കും നൽകുന്ന പ്രത്യേക പരിരക്ഷ ലഭിക്കുമെന്ന 1998ലെ വിധി ഭേദഗതി ചെയ്യുമെന്ന സൂചന നൽകി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ്, പി.എസ്. നരസിംഹ, െജ.ബി പർദീവാല, സഞ്ജയ് കുമാർ, മനോജ് മിശ്ര എന്നിവരാണുള്ളത്. വാദം കേൾക്കലിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പാർലമെന്റിലെയും നിയമസഭകളിലെയും ഉത്തരവാദിത്ത നിർവഹണത്തിന് എം.പിയോ എം.എൽ.എയോ കൈക്കൂലി വാങ്ങുന്നത് കുറ്റകരമായി കണക്കാക്കണമെന്ന് ബോധിപ്പിച്ചു.
ഭരണഘടന അനുഛേദം 105(2) നൽകുന്ന പ്രോസിക്യൂഷൻ നടപടികളിൽനിന്നുള്ള പരിരക്ഷ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ബാധകമല്ലെന്ന് ആദ്യ ദിവസം തന്നെ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. നരസിംഹ റാവു കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ ഭരണഘടന അനുഛേദം 105(2) പരിശോധിക്കേണ്ട കാര്യമില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെതിരെ 1993 ജൂലൈയിൽ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ വോട്ടുചെയ്യാനായി ചില എം.പിമാർ കോഴ വാങ്ങിയെന്ന പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സുപ്രീംകോടതി വിധി. കൈക്കൂലി വാങ്ങി പാർലമെന്റിനകത്ത് ചെയ്ത വോട്ടിന് ഭരണഘടനയുടെ 105(2) അനുഛേദ പ്രകാരം എം.പിമാർക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നായിരുന്നു ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ലോക്സഭയിലെ വോട്ട് സഭയുടെ പ്രത്യേക അവകാശവുമായി ബന്ധപ്പെട്ടതായതിനാൽ അതുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ ഒരു കോടതിക്കും അവകാശമില്ലെന്നും അഴിമതി നിരോധന നിയമത്തിലെ 2(സി) വകുപ്പ് പ്രകാരമുള്ള ജനസേവകരുടെ പരിധിയിൽ എം.പിമാർ വരില്ലെന്നും സുപ്രീംകോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.